ബീജിംഗ്: ചൈനയിലെ ഒരു യൂട്യൂബർ തന്റെ വ്ലോഗ് തുടങ്ങിയത് ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ പ്രസിഡൻഷ്യൽ സ്യൂട്ടിനോട് അറ്റാച്ച് ചെയ്ത സൗന ബാത്തിൽ നിന്നുള്ള ദൃശ്യങ്ങളോടെയാണ്. അവിടെ നിന്ന് സ്യൂട്ടിലെ ഡൈനിങ് റൂമിലേക്ക് ക്യാമറ ചലിപ്പിച്ച അയാൾ, അവിടെ ഒരു പേഴ്സണൽ ഷെഫ് നേരിട്ട് കൊണ്ടുവന്നു വിളമ്പിയ ആവി പറക്കുന്ന സ്റ്റേക്കിലേക്ക് തന്റെ ക്യാമറ ഫോക്കസ് ചെയ്തു. അടുത്ത ദിവസം പ്രഭാതത്തിൽ പഞ്ഞിക്കിടക്കയിൽ കാലും പിണച്ചിട്ടു കിടന്നുകൊണ്ട് ലോബ്സ്റ്റർ ബ്രേക്ക്ഫാസ്റ്റ് നുണഞ്ഞിറക്കുന്നതിന്റെ ദൃശ്യങ്ങളും ആ വ്ലോഗിന്റെ ഭാഗമായിരുന്നു. ചാങ്ടുവിലെ ആ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യാൻ നേരം അയാൾ വീണ്ടും ഒരു ട്വീറ്റ് ഇട്ടു. “ഇന്നത്തെ ബിൽ 108,876 കുവായ്. അരഡസൻ ഐഫോൺ വാങ്ങാനുളള പണമാണ് ഞാൻ രണ്ടു ദിവസം കൊണ്ട് പൊട്ടിച്ചു കളഞ്ഞത്” ഏകദേശം പതിനേഴായിരം ഡോളർ. അതായത് ഇന്ത്യൻ മണീസിൽ പറഞ്ഞാൽ പന്ത്രണ്ട് ലക്ഷത്തിൽ പരം രൂപ. വീഡിയോ വളരെ ആകർഷകമായിരുന്നു, ആരെയും പ്രലോഭിപ്പിക്കാൻ പോന്നത്. ഒരൊറ്റ കുഴപ്പം മാത്രം. അത് ചൈനയിലെ നിലവിലുള്ള ഇന്റർനെറ്റ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം കൂടി ആയിരുന്നു.
ചൈനീസ് ഭരണകൂടത്തിന്റെ നിർവ്വചനങ്ങൾ പ്രകാരം, മേല്പറഞ്ഞ വീഡിയോ, “flaunting wealth” അതായത് “സമ്പത്തിനെക്കുറിച്ചുള്ള വീമ്പടിക്കൽ” എന്ന ഗണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ചൈനയുടെ ടിക് ടോക് ആയ Douyin -ൽ 28 മില്യൺ ഫോളോവേഴ്സ് ആണ് ഇയാൾക്കുണ്ടായിരുന്നത്. പഞ്ചനക്ഷത്ര ലക്ഷ്വറി ഹോട്ടലുകളിൽ പോയി അവിടത്തെ സുഖസൗകര്യങ്ങളിൽ ലോലുപനായി അതിന്റെ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചാണ് ഇയാൾ ഇത്രയും പിന്തുണ നേടിയെടുത്തത്. സെൻസറിങ് സംവിധാനങ്ങളുടെ ഇടപെടലിനെ തുടർന്ന് തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ ഇയാൾ നിർബന്ധിതനാവുന്നു.
നാട്ടിൽ കൊടികുത്തിവാഴുന്ന അസമത്വത്തെ തുടച്ചു നീക്കാൻ പ്രതിജ്ഞ ചെയ്തിട്ടുളള പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ ഏറ്റവും പുതിയ നിർദേശങ്ങളിൽ ഒന്ന് പൊതുജനമധ്യത്തിൽ ഈ ആർഭാടപ്രഘോഷണത്തിന് കൂച്ചുവിലങ്ങിടുക എന്നതാണ്. മൂന്നാം തവണ അധികാരക്കസേരയിൽ തിരിച്ചു വന്ന ശേഷം, ഷി ജിൻ പിംഗ് ശ്രമിച്ചു പോന്നിട്ടുള്ളത് അവനവനെ പാവപ്പെട്ടവരുടെ പ്രസിഡന്റ് എന്ന പ്രതിച്ഛായയിൽ നിലർത്താനാണ്. രാജ്യത്തെ സമ്പന്നർക്ക് നേരെ ഇതിനോടകം തന്നെ നിരവധി നടപടികൾ റെഗുലേറ്ററി സംവിധാനങ്ങളിൽ നിന്ന് ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം എടുത്തുകാണിക്കുന ഒരു തരത്തിലുള്ള പ്രകടനങ്ങളും രാജ്യത്ത് അനുവദിക്കില്ല എന്നതാണ് സർക്കാർ നിലപാട്.
ഇനിയും ഇത്തരത്തിലുള്ള നടപടികൾ പ്രതീക്ഷിക്കാം എന്നും, ഇത്തരത്തിലുള്ള അനാവശ്യപ്രകടനങ്ങൾ നടത്തുന്നവർ ഇതിലും കടുപ്പത്തിലുള്ള ശിക്ഷയ്ക്ക് വിധേയരാവേണ്ടി വരും എന്നും ചൈനയിലെ സൈബർ അഡ്മിനിസ്ട്രേഷൻ മേധാവി ആയ ഷാങ് യോങ് ഷുൻ പറയുന്നു. എന്നാൽ, സമ്പത്തിന്റെ പ്രകടനം എന്ന നിർവചനത്തിൽ എന്തൊക്കെ വരും എന്ന കാര്യത്തിൽ കാര്യമായ വ്യക്തത പോര.
കൂടിയ തുകയ്ക്കുള്ള ഫുഡ് ബില്ലുകൾ അപ്ലോഡ് ചെയ്യുക, ആവശ്യത്തിൽ അധികം ഭക്ഷണം ഓർഡർ ചെയ്യുക തുടങ്ങിയ ചില കേസുകളിൽ നടപടി എടുത്ത സ്ഥിതിക്ക് അവ നിയമവിരുദ്ധമാണ് എന്ന് ചൈനയിലെ ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. ഇനി എന്തൊക്കെ ചെയ്താലാണ് സമാനമായ നടപടികൾ ഉണ്ടാവുക എന്നത്, വരുന്ന മുറയ്ക്ക് മാത്രമേ അറിയാനാവൂ എന്നാണ് അവർ പറയുന്നത്.