ചിക്കാഗോ: ചിക്കാഗോ പ്രദേശം ഉൾപ്പെടുന്ന ഇല്ലിനോയി സംസ്ഥാനത്ത് മാസ്ക്കിന്റെ ഉപയോഗം നിർബന്ധമാക്കി. ബിസിനസ് & ഓഫിസ് സ്ഥാപനങ്ങൾക്കുള്ളിലാണ് വാക്സിനേഷൻ സ്വീകരിച്ചവർക്കും സ്വീകരിക്കാത്തവർക്കും ഒരു പോലെ മാസ്കുകൾ നിർബന്ധമാക്കിയത്. ഇത് സംബന്ധിച്ചുള്ള നിർദേശം തിങ്കളാഴ്ച്ച മുതൽ നിലവിൽ വന്നു. തുറസ്സായ പൊതുസ്ഥലങ്ങളിൽ മാസ്കുകൾ നിര്‍ബന്ധമാക്കിയിട്ടില്ല എങ്കിലും കൂടുതൽ ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർദേശിച്ചിട്ടുണ്ട്. ചിക്കാഗോ നഗരത്തിൽ ഈ നിർദേശങ്ങൾ ഓഗസ്റ്റ് 20 മുതൽ നടപ്പിലാക്കുകയും നിരവധി ബിസിനസ് സ്ഥാപനങ്ങൾക്ക് ഈ നിർദേശം നടപ്പിലാക്കാത്തതിന്റെ പേരിൽ പിഴ ചുമത്തുകയും ചെയ്തിരുന്നു. നാളിതുവരെയും ഈ നിബന്ധികളിൽനിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് ഇളവുകൾ നൽകിയിരുന്നു.
ഇല്ലിനോയി സംസ്ഥാനത്ത് 4127 പുതിയ രോഗബാധിതരാണ് ഓഗസ്റ്റ് 28 ലെ കണക്കനുസരിച്ച് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഏഴുമാസത്തെ കണക്കനുസരിച്ച് ഏറ്റവും വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. തിങ്കളാഴ്ച 18 പേരുകൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ഇല്ലിനോയി സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരെടെ എണ്ണം 26472 ആയി. ചിക്കാഗോ നാഗരാധികൃതർ ഏർപ്പെടുത്തിയിട്ടുള്ള ജാഗ്രതാ ലിസ്റ്റിൽ Maryland, South Dakota, Nebraska and Colorado സംസ്ഥാനങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെ 50 ൽ 43 സംസ്ഥാനങ്ങളും ഈ ലിസ്റ്റിൽ ഉൾപെട്ടുകഴിഞ്ഞു. ഡെൽറ്റാ വേരിയന്റിന്റെ വ്യാപനവും വാക്സിനേഷൻ സ്വീകരിക്കാത്തവർ വാക്സിൻ സ്വീകരിച്ചവർക്ക് നൽകിയിട്ടുള്ള ഇളവുകൾ ദുരുപയോഗം ചെയ്യുന്നതും രോഗബാധിതരുടെ വർദ്ധനയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നു എന്നാണ് കരുതപ്പെടുന്നത്.
റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ