മനാമ: ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് (ഐ.എല്‍.എ) കുട്ടികള്‍ക്കായി ‘ആഗാസ്’ (ഉര്‍ദു ഫോര്‍ ന്യൂ ബിഗിനിംഗ്സ്) എന്ന പേരില്‍ ശാക്തീകരണ പരിപാടി ആരംഭിക്കുന്നു. അംഗങ്ങളുടെയും അംഗങ്ങളല്ലാത്തവരുടെയും 13 വയസുള്ള കുട്ടികള്‍ക്ക് ഈ പരിപാടിയില്‍ പങ്കാളികളാവാം.
17 വയസു വരെ കുട്ടികള്‍ക്ക് സാമൂഹ്യസേവനം, പരിസ്ഥിതി സംരക്ഷണം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നിവയിലും അതിനുവേണ്ടി ധനം സമാഹരിക്കുന്നതിലും പരിശീലനം നല്കുന്ന പരിപാടിയാണിതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നമ്മുടെ ഇളംതലമുറക്കാര്‍ ഭാവിയുടെ പരിപാലകരാണെന്ന് ഐ.എല്‍.എ പ്രസിഡന്റ് കിരണ്‍ മാംഗ്ലെ പറഞ്ഞു. ഈ ഇന്റര്‍നെറ്റ്- സമൂഹമാധ്യമ യുഗത്തില്‍ സമൂഹത്തെ എങ്ങനെ സേവിക്കണമെന്ന് അവര്‍ക്കറിയാം. അവര്‍ക്ക് അതിനുള്ള നൈപുണ്യം വളര്‍ത്തിയെടുക്കാന്‍ ഈ പരിശീലന പരിപാടി വഴി സാധിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
ഐ.എല്‍.എ അംഗങ്ങളായ ഡോ. ഹേമലതാ സിംഗ്, സ്വാതി സനാപ്, പ്രിയങ്ക ജസ്സാല്‍ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കും. പരിപാടിയുടെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന് നടക്കും. പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് കായ് മീതിംഗ് ചടങ്ങില്‍ സംസാരിക്കും.
പരിപാടിയില്‍ പങ്കെടുക്കാന്‍ ഗൂഗിള്‍ ഫോം വഴി അപേക്ഷിക്കാം. 5 ദിനാറാണ് രജിസ്ട്രേഷന് ഫീസ്. അതിനു പുറമെ പരിപാടിയില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ കുട്ടികള്‍ക്ക് 40 ദിനാറും അംഗങ്ങളല്ലാത്തവരുടെ കുട്ടികള്‍ക്ക് 55 ദിനാറുമാണ് ഫീസ്. സംഘടനയില്‍ അംഗങ്ങളാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് +97336990111 എന്ന നമ്പറില്‍ മെമ്പര്‍ഷിപ്പ് സെക്രട്ടറി ഹില്‍ഡ ലോബോയുമായി ബന്ധപ്പെടാവുന്നതാണ്.