മനാമ: ബഹ്റൈനിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് (ഐ.എല്‍.എ) എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ് ഇത്തവണ സെപ്റ്റംബര്‍ ആറിന് ആരംഭിക്കും.
ചെലവേറിയ പരിശീലനങ്ങള്‍ താങ്ങാന്‍ കഴിയാത്ത വ്യക്തികള്‍ക്ക് സ്പോക്കണ് ഇംഗ്ലീഷിലെ അടിസ്ഥാന ആശയവിനിമയ കഴിവുകളുണ്ടാക്കുക എന്നതാണ് ഈ കോഴ്സ് ലക്ഷ്യമിടുന്നത്. സ്പീക്ക് ഈസി ഉപസമിതി അംഗങ്ങളായ ഡോ. റൂബി തോമസ്, നിഷ മാറോളി എന്നിവരാണ് കോഴ്സ് ഏകോപിപ്പിക്കുന്നത്.
കോഴ്സ് രണ്ടു മാസം നീണ്ടുനില്‍ക്കും. ആഴ്ചയില്‍ രണ്ടു തവണ ക്ലാസുകള്‍ നടക്കും. കോഴ്സിന്റെ അവസാനം വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കും. അവിടെ അവര്‍ക്ക് പുതുതായി നേടിയ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും അവസരമുണ്ടാകും. പങ്കെടുക്കുന്നവരെ ഇംഗ്ലീഷില്‍ അടിസ്ഥാന ആശയവിനിമയ കഴിവുകള്‍ നേടാന്‍ സഹായിക്കുക, ജോലിസ്ഥലത്തും അവരുടെ സാമൂഹിക ഇടപെടലുകളിലും കൂടുതല്‍ ഫലപ്രദമാകാന്‍ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പാഠ്യപദ്ധതിയില്‍ അടിസ്ഥാന സംസാര ഇംഗ്ലീഷ്, ആശയവിനിമയം, സാമൂഹിക കഴിവുകള്‍, മര്യാദകള്‍ എന്നിവ ഉള്‍പ്പെടുന്നു. എന്റോള്‍മെന്റിനായി നാമമാത്രമായ 10 ദിനാര്‍ ഫീസ് ഈടാക്കുന്നു. ഇത് ഫീസ് എന്നതിലുപരി പങ്കെടുക്കുന്നവരില്‍ നിന്നുള്ള പ്രതിബദ്ധത ഉദ്ദേശിച്ചാണ്. ഹൈസ്കൂള്‍ വിദ്യാഭ്യാസമാണ് കോഴ്സിനു ചേരാനുള്ള അടിസ്ഥാന യോഗ്യത. നാമമാത്ര ഫീസ് അടയ്ക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്പോണ്‍സറെ കണ്ടെത്താന്‍ ഐ.എല്‍.എ. സഹായിക്കും.
മലബാര്‍ ബിരിയാണി ഹൗസ് സല്‍മാനിയ, വൃന്ദാവന്‍ റെസ്റ്റോറന്റ് മനാമ, മൈസൂര്‍ ഭവന്, സംഗീത റെസ്റ്റോറന്റ്, സിറ്റിമാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ഹൂറ എന്നിവിടങ്ങളില്‍ കോഴ്സിനുള്ള അപേക്ഷാ ഫോമുകള്‍ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരെ കോഴ്സില്‍ ചേരാന്‍ ഐ.എല്‍.എ. ആസ്ഥാനത്ത് അഭിമുഖത്തിന് വിളിക്കും.