
മനാമ: ബഹ്റൈനിലെ പൗരർക്കും താമസക്കാർക്കും ഇ-സേവനങ്ങളിലേക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കാനും തടസ്സമില്ലാത്ത ഇടപാടുകൾ ഉറപ്പാക്കാനുമായി ഇൻഫർമേഷൻ ആൻ്റ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) അതിന്റെ ഏകീകൃത ‘MyGov’ ആപ്പ് വഴി ഐ.ഡി. കാർഡും ജനന സർട്ടിഫിക്കറ്റ് ഇ-സേവനങ്ങളും ലഭ്യമാക്കി.
ആഭ്യന്തര മന്ത്രിയും ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി മന്ത്രിതല സമിതി ചെയർമാനുമായ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയാണ് ഈ ആപ്പ് അടുത്തിടെ പുറത്തിറക്കിയത്.
ഡിജിറ്റൽ പരിവർത്തനം ശക്തിപ്പെടുത്താനും ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ബഹ്റൈനിലെ പൗരർക്കും താമസക്കാർക്കും സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള പ്രധാനപ്പെട്ട നീക്കമാണ് ആപ്പിൽ വളരെയധികം ഉപയോഗപ്രദമായ ഈ സേവനങ്ങളുടെ ലഭ്യതയെന്ന് ഐ.ജി.എയിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻ്റ് പോപ്പുലേഷൻ രജിസ്ട്രി ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ദുആ സുൽത്താൻ മുഹമ്മദ് പറഞ്ഞു.
‘MyGov’ ആപ്പിന്റെ ആദ്യഘട്ടത്തിൽ നൽകുന്ന ഐ.ഡി. കാർഡ് സേവനങ്ങളിൽ കാർഡുകൾ നൽകലും പുതുക്കലും, നഷ്ടപ്പെട്ടതും കേടായതുമായ ഐ.ഡികൾക്ക് പകരം കാർഡുകൾ നൽകൽ, ഐ.ഡി. കാർഡ് അപേക്ഷാ നില ട്രാക്ക് ചെയ്യൽ എന്നിവ ഉൾപ്പെടുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. നേരിട്ടും ഓൺലൈനായും വാർഷിക ശരാശരി 7,00,000 ഇടപാടുകൾ കവിയുന്ന ഈ സേവനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സേവനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഒരു ഏകീകൃത ആപ്പിലൂടെ ഈ സേവനങ്ങൾ ഉള്ളതിനാൽ, ഉപയോക്താക്കൾക്ക് ഇപ്പോൾ അവ കൂടുതൽ എളുപ്പത്തിൽ ആക്സസ് ചെയ്യാനും അവരുടെ ഇടപാടുകൾ തടസ്സമില്ലാതെ പൂർത്തിയാക്കാനും കഴിയും. കൂടാതെ, ആപ്പ് ഉപയോക്താക്കളെ അവരുടെ ജനന സർട്ടിഫിക്കറ്റുകളും 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഐ.ഡി. കാർഡുകളും വീട്ടുജോലിക്കാർക്കുള്ള ഐ.ഡി. കാർഡുകളും കാണാനും അനുവദിക്കുന്നു.
പൗരർക്കും താമസക്കാർക്കും bahrain.bh/apps എന്ന വിലാസത്തിൽ ബഹ്റൈൻ ഇ-ഗവൺമെന്റ് ആപ്പ് സ്റ്റോറിൽ നിന്ന് ‘MyGov’ ആപ്പ് ഡൗൺലോഡ് ചെയ്യാം. അന്വേഷണങ്ങൾക്കോ കൂടുതൽ വിവരങ്ങൾക്കോ ഉപയോക്താക്കൾക്ക് 80008001 എന്ന നമ്പറിൽ സർക്കാർ സേവന കോൾ സെന്ററുമായി ബന്ധപ്പെടാം. അല്ലെങ്കിൽ നാഷണൽ സജഷൻസ് ആൻ്റ് കംപ്ലയിന്റ്സ് സിസ്റ്റം (തവാസുൽ), അല്ലെങ്കിൽ തവാസുൽ ആപ്പ് വഴി നിർദ്ദേശങ്ങൾ, അന്വേഷണങ്ങൾ, ഫീഡ്ബാക്ക് എന്നിവ സമർപ്പിക്കാം.
