തിരുവനന്തപുരം : മോൻസൺ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പ് കേസിൽ സംസ്ഥാനസർക്കാരിനെതിരെ തിരിഞ്ഞ മൂന്നാം പ്രതി ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. കേസിലെ നാലാം പ്രതി മുൻ ഐ.ജി എസ്. സുരേന്ദ്രൻ അറസ്റ്റിലായതിനു പിന്നാലെയാണിത്. ഐ ജി. ലക്ഷ്മൺ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ അതീവ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചത് സർക്കാരിന് തിരിച്ചടിയായിരുന്നു.
ഡി.ജി.പിയുടെ റിപ്പോർട്ട് കിട്ടിയതിന് ശേഷം ഐ.ജിയുടെ ഭാവി സർക്കാർ തീരുമാനിക്കും.പൊലീസ് ട്രെയിനിംഗ് വിഭാഗം ഐ.ജിയായ ലക്ഷ്മണിനെ വീണ്ടും സസ്പെൻഡ് ചെയ്തേക്കും.
എ.ഡി.ജി.പിയായുള്ള ലക്ഷ്മണിന്റെ സ്ഥാനക്കയറ്റത്തിനും സർക്കാർ തടയിട്ടിട്ടുണ്ട്. അതേസമയം കേസിൽ തിങ്കളാഴ്ച കളമശേരിയിൽ രാവിലെ 11ന് ഹാജരാകാന്‍ ഐജിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഐ ജി. ലക്ഷ്മൺ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസിൽ അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പുകേസിൽ തന്നെ ഉൾപ്പെടുത്തിയതിനെതിരെയാണ് ഹർജി.പുരാവസ്തുതട്ടിപ്പ് കേസിൽ ഐ.ജിക്ക് നേരിട്ട് പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തേ കണ്ടെത്തിയിരുന്നു. 15 മാസത്തെ സസ്പെൻഷനുശേഷം സർവീസിൽ തിരിച്ചെത്തിയതാണ് ഇപ്പോൾ ലക്ഷ്മൺ. മോൻസണിന്റെ തട്ടിപ്പിന് ഐ.ജി കൂട്ടുനിന്നതായി കണ്ടെത്തിയ എ.ഡി.ജി.പി ടി.കെ.വിനോദ്കുമാറിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറിയിരിക്കുകയാണ്.