മലപ്പുറം: ട്രാഫിക് നിയമം ലംഘിച്ചിട്ടും പിടി വീഴുന്നില്ലെന്ന ആശ്വാസത്തോടെ നടക്കണ്ട. എല്ലാം മുകളിലിരുന്ന് ഒരാൾ കണ്ട് കൃത്യമായി കാണുന്നുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ പിടിക്കാനായി മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ മലപ്പുറം ജില്ലയിൽ പണി തുടങ്ങിക്കഴിഞ്ഞു. ഇവയിലൂടെ നിയമലംഘനങ്ങൾ കൃത്യമായി രേഖപ്പെടുത്തി മോട്ടർ വാഹന വകുപ്പിനു ലഭിക്കുന്നുണ്ട്.
നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കാനുള്ള സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണ് വകുപ്പ്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. 48 ക്യാമറകളാണ് ജില്ലയിലുള്ളത്. ക്യാമറ സ്ഥാപിക്കാനുള്ള ചുമതല കെൽട്രോണിനാണ്. ജില്ലയിലെ എല്ലാ ക്യാമറകളും പ്രവർത്തനക്ഷമമാണ്. മോട്ടോർ വാഹന വകുപ്പിന്റെ കണ്ട്രോൾ റൂമിൽ നിയമലംഘനങ്ങൾ ലഭിക്കാനും തുടങ്ങിയിട്ടുണ്ട്.
എസ്.എം.എസ് വഴി നിയമലംഘകർക്ക് ചലാൻ അയയ്ക്കുന്നതാണ് രീതി. എന്നാൽ, ചലാൻ അയയ്ക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പിഴ ഈടാക്കാൻ തുടങ്ങുമ്പോൾ, നേരത്തെ രേഖപ്പെടുത്തിയ ലംഘനങ്ങൾക്ക് ഇത് ബാധകമാക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. തുടർച്ചയായി പിഴയടച്ചില്ലെങ്കിൽ വാഹനം മോട്ടർ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇത് വാഹന കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തടസ്സമാകും.