തിരുവനന്തപുരം: കേരള പൊലീസിന്റെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഗവർണർ രാഷ്ട്രപതിക്കു റിപ്പോർട്ട് നൽകിയാൽ രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷയ്ക്കായി കേന്ദ്രത്തിന് കേന്ദ്രസേനയെ നിയോഗിക്കാനാകും. കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുമെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. തുടർനടപടികൾ ഉണ്ടാകേണ്ടത് കേന്ദ്രത്തിൽ നിന്നാണ്. ഗവർണർ എല്ലാ മാസവും സംസ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയം വഴി രാഷ്ട്രപതിക്കു നൽകാറുണ്ട്. സെഡ് പ്ലസ് സുരക്ഷയാണ് ഗവർണർക്കും മുഖ്യമന്ത്രിക്കുമുള്ളത്. മൂന്നു വർഷമായി ഗവർണർക്ക് സെഡ് പ്ലസ് സുരക്ഷയുണ്ട്.
സെഡ് വിഭാഗം സുരക്ഷയുണ്ടായിരുന്ന സമയത്ത് സംസ്ഥാനത്തിനു പുറത്തു പോകുമ്പോൾ ഗവർണർക്കു സുരക്ഷ കുറയുന്ന സാഹചര്യമുണ്ടായി. ഗവർണർക്കുനേരെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകള്‍ പരിഗണിച്ചാണ് സെഡ് പ്ലസ് സുരക്ഷ നൽകിയത്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവർക്ക് പത്തോളം വാഹനങ്ങളുടെ അകമ്പടിയുണ്ടാകും. സ്ഥലങ്ങളുടെ പ്രത്യേകത അനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളിലും വ്യത്യാസം വരും.
സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട് കണക്കിലെടുത്ത് 6 മാസം കൂടുമ്പോൾ സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗം ചേരും. ആവശ്യമെങ്കിൽ സുരക്ഷ വർധിപ്പിക്കും. അഡ്വാൻസ് പൈലറ്റ് വാഹനവും പൈലറ്റ് വാഹനവും വിഐപി വാഹനവും രാജ്ഭവന്റെ സെക്യൂരിറ്റി വാഹനവും പൊലീസ് വാഹനങ്ങളും ആംബുലൻസ്, ഫയർഫോഴ്സ് വാഹനങ്ങളും ഗവർണറുടെ വാഹനവ്യൂഹത്തിലുണ്ടാകും.