കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യത്തിനായി ഫണ്ട് മാറ്റിവയ്ക്കാത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. വരുമാനത്തിന്റെ 10% മാറ്റിവയ്ക്കണമെന്നത് കോടതി ഉത്തരവാണെന്ന് ഓർമ്മിപ്പിച്ച ഹൈക്കോടതി ആരോട് ചോദിച്ചിട്ടാണ് ഇത് നിർത്തിവെച്ചതെന്നും ചോദിച്ചു. ഏപ്രിൽ മുതൽ വീണ്ടും മാറ്റിവയ്ക്കാമെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. എന്നാൽ മാർച്ച് മുതൽ ഇത് നിർബന്ധമായും മാറ്റിവയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഹർജിക്കാർക്ക് 50 ശതമാനം ആനുകൂല്യം നൽകാൻ എട്ട് കോടി രൂപ വേണമെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. വരുമാനത്തിന്റെ 10 ശതമാനം നീക്കിവെക്കാൻ ഉത്തരവിറക്കരുതെന്ന് അഭ്യർത്ഥിച്ച കെ.എസ്.ആർ.ടി.സി, ശമ്പളം നൽകാൻ സർക്കാർ സഹായം ലഭിക്കേണ്ട സ്ഥിതിയിലാണെന്നും വ്യക്തമാക്കി.
എന്നാൽ 10 മാസത്തിനുള്ളിൽ മുഴുവൻ വിരമിച്ചവർക്കും ആനുകൂല്യം നൽകാനാവില്ലേ എന്ന് ചോദിച്ച കോടതി വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ സ്വത്ത് വിൽക്കൂവെന്നും പറഞ്ഞു. ആനുകൂല്യം നൽകാൻ കഴിയുന്നില്ലെങ്കിൽ, വിരമിക്കാൻ അനുവദിക്കാതിരിക്കുക. വിരമിച്ച ജീവനക്കാർക്ക് 45 ദിവസത്തിനകം ഒരു ലക്ഷം രൂപ വീതം നൽകണമെന്നും ഹൈക്കോടതി കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകി. ബാക്കി തുക അതിന് ശേഷം മുൻഗണനാ ക്രമപ്രകാരം നൽകണമെന്നും കോടതി പറഞ്ഞു.