ഫ്ലൈറ്റ് അല്ലെങ്കിൽ ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്ത് പെട്ടന്ന് റദ്ദാക്കേണ്ട സാഹചര്യം എല്ലാവർക്കും ഉണ്ടായിട്ടുണ്ടാകും. അത്തരം സന്ദർഭങ്ങളിൽ, പലപ്പോഴും ടിക്കറ്റ് തുകയുടെ വലിയൊരു ഭാഗം തിരികെ കിട്ടില്ല. ഇത് ക്യാൻസലേഷൻ ചാർജായി നഷ്ടപ്പെടും. ഇത്തരത്തിൽ ഉണ്ടാകുന്ന നഷ്ട്ടം നികത്താൻ പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് പേടിഎം.
വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ പേയ്മെന്റ് ആപ്പായ പേടിഎം, വിമാനക്കമ്പനികളോ ബസ് ഓപ്പറേറ്റർമാരോ ഈടാക്കുന്ന ക്യാൻസലേഷൻ ചാർജുകളിൽ നിന്ന് ഉപയോക്താക്കളെ പരിരക്ഷിക്കുന്നതിനായി പുതിയ സബ്സ്ക്രിപ്ഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. “ക്യാൻസൽ പ്രൊട്ടക്റ്റ്” എന്നറിയപ്പെടുന്ന സബ്സ്ക്രിപ്ഷൻ പ്രകാരം, ഉപയോക്താക്കൾക്ക് വിമാന ടിക്കറ്റിന് 149 രൂപയ്ക്കും ബസ് ടിക്കറ്റുകൾക്ക് 25 രൂപയ്ക്കും റദ്ദാക്കൽ നിരക്കുകളിൽ നിന്ന് രക്ഷ നേടാം.
സബ്സ്ക്രിപ്ഷൻ അനുസരിച്ച്, വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും ടിക്കറ്റ് റദ്ദാക്കണം. അതുപോലെ, ബസ് പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും ടിക്കറ്റ് റദ്ദാക്കണം. സബ്സ്ക്രിപ്ഷൻ എടുത്തിട്ടുണ്ടെങ്കിൽ, പേടിഎം വഴി റദ്ദാക്കിയ ടിക്കറ്റുകൾക്ക് 100 ശതമാനം റീഫണ്ട് ലഭിക്കും.