
ജയ്പൂര്‍: സഞ്ജു സാംസണ് രാജസ്ഥാന് റോയല്‍സ് വിടുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. രാജസ്ഥാനുമായിട്ടുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ച്, ഫ്രാഞ്ചൈസി വിടാനുള്ള ആഗ്രഹം സഞ്ജു ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കാണ് പോകുന്നതെന്ന വാര്‍ത്തകള്‍ വരുന്നു. 2025 ഐപിഎല്ലിന് ശേഷം, യുഎസില്‍ നടന്ന മേജര്‍ ലീഗ് ക്രിക്കറ്റ് സീസണിനിടെ സഞ്ജു സിഎസ്കെ മാനേജ്മെന്റുമായും ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്ളെമിംഗുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 30 കാരനെ ചെപ്പോക്കിലേക്ക് കൊണ്ടുവരാന്‍ സിഎസ്കെയ്ക്ക് താല്പര്യമുണ്ടെന്ന് തന്നെയാണ് ഇതില്‍ നിന്നും മനസിലാക്കുന്നത്.
എന്നാല്‍ ചെന്നൈയിലേക്കുളള പോക്ക് സഞ്ജുവിന് എളുപ്പമാകുമോ എന്ന് കണ്ടറിയണം. കാരണം, മൂന്ന് തവണ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിന് പിന്നാലെയുണ്ട്. അതിനെ കുറിച്ചാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയുന്നത്. അദ്ദേഹത്തിന്റെ വിശദീകരണം… ”സഞ്ജുവിനെ ലഭിക്കാതിരുന്നാല്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആയിരിക്കും. കാരണം, കൊല്‍ക്കത്തയ്ക്ക് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററില്ല.” ചോപ്ര പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു… ”രണ്ടാമത്, സഞ്ജുവിന്റെ ക്യാപ്റ്റന്‍സി. ഒരു ക്യാപ്റ്റനെ ലഭിച്ചാല്‍ എന്താണ് തെറ്റ്? അജിന്‍ക്യ രഹാനെ നന്നായി നയിച്ചുവെന്നും അതോടൊപ്പം റണ്‍സ് നേടിയിട്ടുണ്ടെന്നും ഞാന്‍ നിഷേധിക്കുന്നില്ല. എന്നിരുന്നാലും, രഹാനെ കളിക്കുമ്പോള്‍ അവരുടെ ബാറ്റിംഗ് ഓര്‍ഡറില്‍ പ്രശ്നമുണ്ടാവുന്നുണ്ട്. അവര്‍ക്ക് വേണമെങ്കില്‍, വെങ്കിടേഷ് അയ്യരെ ഒഴിവാക്കി 24 കോടി രൂപ നേടിയെടുക്കാം. അപ്പോള്‍ അവര്‍ക്ക് ടീമില്‍ ഒരു മാറ്റമുണ്ടാക്കാന്‍ കഴിയും.” ചോപ്ര വ്യക്തമാക്കി.
2021 ജനുവരിയിലാണ് സ്റ്റീവ് സ്മിത്തിന്റെ പിന്‍ഗാമിയായി സഞ്ജു രാജസ്ഥാന് റോയല്‍സ് നായകനാവുന്നത്. ആദ്യ സീസണില്‍ തിളങ്ങാനായില്ലെങ്കിലും 2022ല്‍ രാജസ്ഥാനെ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിനായി. 11 സീസണുകളിലായി രാജസ്ഥാനുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിക്കുകയും(155) ഏറ്റവും കൂടുതല്‍ റണ്‍സടിക്കുകയും(4219) ചെയ്ത സഞ്ജു രാജസ്ഥാനെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍(67) നയിക്കുകയും ജയിക്കുകയും(33) ചെയ്ത നായകനുമാണ്.
