ഇടുക്കി: ഇടുക്കി താലൂക്ക് പരിധിയിൽപെട്ട കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ ഇടുക്കി തഹസിൽദാരെ സർവ്വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. പട്ടയം അനുവദിക്കില്ല എന്ന് പറഞ്ഞുള്ള നിരവധി പരാതികൾ റവന്യു മന്ത്രിക്ക് ലഭിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ സർക്കാർ തല അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് റവന്യൂ മന്ത്രി കെ രാജൻ ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത അന്വേഷണ റിപ്പോർട്ടിൽ തഹസിൽദാരുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച്ചകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പട്ടയ അപേക്ഷകളിൽ സ്വജനപക്ഷപാതത്തോടയാണ് ഇടപെട്ടിരുന്നത് എന്ന് ബോധ്യപ്പെട്ടിരുന്നു. ഇഷ്ടക്കാരുടെ ഭൂമിയുടെ സർവ്വേ നമ്പർ മാത്രം ഉൾപ്പെടുത്തി അസൈനബിൾ ലാന്റ് ലിസ്റ്റ് തയ്യാറാക്കുകയും ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതല്‍ പട്ടയം അനുവദിക്കുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സീനിയോരിറ്റി മറികടന്ന് ഇഷ്ടക്കാർക്ക് പട്ടയം അനുവദിക്കുകയും, പട്ടയം അനുവദിച്ച ഭൂമിയിൽ നിയമാനുസൃതമല്ലാതെ പരിവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടും യാതൊരു നടപടിയും തഹസിൽദാർ സ്വീകരിച്ചിരുന്നില്ല. ആയതിന്റെ അടിസ്ഥാനാത്തിലാണ് തഹസിൽദാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ മന്ത്രി നിർദ്ദേശിച്ചത്. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യൂ) ഡോ എ ജയതിലക് തഹസിൽദാരെ സസ്പെന്റ് ചെയ്തു കൊണ്ടുള്ള ഉത്തരവിറക്കുകയായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും വെച്ചു പൊറുപ്പിക്കില്ലായെന്നും ശ്രദ്ധയിൽപെട്ടാൽ കർശനമായ നടപടികള്‍ ഉണ്ടാകുമെന്നും ഭൂമിയില്ലാത്ത പാവപ്പെട്ടവർക്ക് ഭൂമി നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.