മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) അംഗങ്ങളുമായി ഓൺലൈനിൽ ചർച്ച നടത്തി. സെക്കൻഡ് സെക്രട്ടറിമാരായ നോർബു നേഗി, രവിശങ്കർ ശുക്ല എന്നിവരും യോഗത്തിൽ പങ്കെടുത്തു. കോവിഡ് വ്യാപനത്തെ തുടർന്ന് ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് ഐസിആർഎഫ് നൽകിവരുന്ന പിന്തുണയെ അംബാസിഡർ അഭിനന്ദിച്ചു. ഐസിആർഎഫിലെയും റീജിയണൽ ഫോറം ടീമിലെയും 35 ലധികം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി വിർച്വൽ ആയി നടത്തിയ ആദ്യ ഓപ്പൺ ഹൗസ് വിജയകരമാണെന്നും ഓപ്പൺ ഹൗസിനെ കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് മിഷനുശേഷം രാജ്യങ്ങൾ തമ്മിലുള്ള യാത്രയുടെ കാര്യത്തിൽ എംബസി രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയാണ്. എയർ ബബിൾ കരാർ വഴി വരാൻ സാധിക്കുന്ന യാത്രക്കാരുടെ പരിധി നേരിയ തോതിൽ വർദ്ധിപ്പിക്കാൻ എംബസിക്ക് സാധിച്ചു. എംബസ്സിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ സജീവമാണെന്നും അംബാസിഡർ പറഞ്ഞു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
കോവിഡ് കാലഘട്ടത്തിൽ ഭക്ഷ്യ റേഷൻ, ഫ്ലൈറ്റ് ടിക്കറ്റ്, ഫാമിലി വെൽഫെയർ ഫണ്ട്, ഫെയ്സ് മാസ്കുകൾ / ബാക്ടീരിയൽ വിരുദ്ധ സോപ്പ് വിതരണം തുടങ്ങി 50000 ത്തോളം ബഹ്റൈൻ ദിനാറിന്റെ സഹായങ്ങൾ ഐ.സി.ആർ.എഫ് നിർദ്ധനരായ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ളതായി ഐസിആർഎഫ് ചെയർമാൻ അരുൾദാസ് തോമസ് പറഞ്ഞു.