ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ എത്തുമെന്ന് ഐസിഎംആർ. എന്നാൽ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര ഭീകരമാകില്ലെന്ന് ഐസിഎംആറിലെ സാംക്രമികരോഗ വിഭാഗം വിദഗ്ധൻ ഡോ. സമീരൻ പാണ്ഡ ദേശീയ മാധ്യമത്തോട് പറഞ്ഞു.
‘നാല് കാരണങ്ങളാണ് മൂന്നാം തരംഗത്തിലേക്ക് നയിക്കുന്നത്. ഒന്നാമതായി ആദ്യ രണ്ടു തരംഗങ്ങളിൽ ആർജിച്ച പ്രതിരോധശേഷിയിൽ ഉണ്ടാകുന്ന കുറവ്. രണ്ടാമതായി പ്രതിരോധശേഷിയെ കടത്തി വെട്ടുന്ന വൈറസിന്റെ വകഭേദം. മൂന്നാമതായി പുതിയ വകഭേദത്തിന് പ്രതിരോധശേഷിയെ മറികടക്കാൻ കഴിയില്ലായിരിക്കാം, പക്ഷേ ആളുകൾക്കിടയിൽ വ്യാപകശേഷി കൂടുതലായിരിക്കും. അവസാനമായി, നിയന്ത്രണങ്ങളെല്ലാം സംസ്ഥാനങ്ങൾ പെട്ടെന്ന് എടുത്തു മാറ്റിയാൽ അത് ഒരു പുതിയ വ്യാപനത്തിന് കാരണമാകും.’– അദ്ദേഹം പറഞ്ഞു.
ഡെൽറ്റ, ഡെൽറ്റ പ്ലസ് വകഭേദങ്ങൾ രാജ്യത്ത് വ്യാപിച്ചിട്ടുണ്ടെന്നും എന്നാൽ അവ ഇനി കൂടുതൽ നാശം വിതയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇന്ത്യയിലെ ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ മൂന്നാം തരംഗം അടുത്തെത്തിയിരിക്കുന്നെന്നും സർക്കാരും പൊതുജനങ്ങളും അലംഭാവം കാട്ടരുതെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളും, തീർഥാടന കേന്ദ്രങ്ങളും തുറക്കുന്നത് നീട്ടിവയ്ക്കണമെന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നും ഐഎംഎ നിർദേശിച്ചിരുന്നു.


