
മനാമ: ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ആന്റ് കണ്വെന്ഷന് അസോസിയേഷന് (ഐ.സി.സി.എ) മിഡില്‍ ഈസ്റ്റ് ഉച്ചകോടി എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ സമാപിച്ചു. 100ലധികം അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുത്തു.
ഐ.സി.സി.എയുമായി സഹകരിച്ച് ബഹ്റൈനില്‍ ആദ്യമായി നടന്ന ഉച്ചകോടിയില്‍ ആഗോള എം.ഐ.സി.ഇ (മീറ്റിംഗുകള്‍, പ്രോത്സാഹനങ്ങള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍) വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന പ്രധാന വിഷയങ്ങളില്‍ സമഗ്രമായ പാനല്‍ ചര്‍ച്ചകള്‍, പ്രത്യേക ശില്‍പ്പശാലകള്‍, പ്രചോദനാത്മകമായ സംഭാഷണങ്ങള്‍ എന്നിവയുണ്ടായിരുന്നു.
‘ബഹ്റൈന്റെ ടൂറിസം ദര്‍ശനവും അന്താരാഷ്ട്ര മീറ്റിംഗ് മേഖലയുടെ കാഴ്ചപ്പാടും’ എന്ന സെഷന് ഉള്‍പ്പെടെ അന്താരാഷ്ട്ര ബിസിനസ് ഇവന്റ് മേഖല വികസിപ്പിക്കാനുള്ള മുന്‍ഗണനകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അജണ്ടയില്‍ ഉണ്ടായിരുന്നു. ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി സി.ഇഒയും എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ ചെയര്‍പേഴ്സണുമായ സാറ അഹമ്മദ് ബുഹിജി ബഹ്റൈന്റെ നിക്ഷേപങ്ങള്‍, സുസ്ഥിര ടൂറിസം നവീകരണങ്ങള്‍, യുവാക്കളെയും സ്ത്രീകളെയും ശാക്തീകരിക്കുന്ന സംരംഭങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചു.
