
മനാമ: ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷനും (ബി.സി.എഫ്) ബഹ്റൈന്‍ ഐ.സി.സിയും സഹകരിച്ച് ഐ.സി.സി. ഗ്ലോബല്‍ ലെവല്‍ 3 കോച്ചിംഗ് കോഴ്സ് നടത്തും. ബഹ്റൈനില്‍ ആദ്യമായി നടക്കുന്ന ഈ കോഴ്സ് 2025 മെയ് 26 മുതല്‍ 30 വരെയായിരിക്കുമെന്ന് ബി.സി.എഫ്. അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ കോഴ്സ് ആഗോള പ്ലാറ്റ്ഫോമില്‍ നടത്തുന്നത് ആദ്യമായാണ്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള 20ലധികം ഉന്നത കോച്ചുമാര്‍ എത്തുമെന്ന് ഉപദേശക സമിതി ചെയര്മാന് മുഹമ്മദ് മന്‍സൂര്‍ പറഞ്ഞു.

ഈ കോഴ്സ് ഒരു സര്ട്ടിഫിക്കേഷന് മാത്രമല്ല അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള അറിവ്, മൂല്യങ്ങള്‍ എന്നിവ പങ്കിടുന്നതിനുള്ള ശക്തമായ വേദിയുമാണെന്ന് പ്രസിഡന്റ് സാമി അലി പറഞ്ഞു. രാജ്യങ്ങള്‍, അധ്യാപകര്‍, ഗെയിമിന്റെ വളര്‍ന്നുവരുന്ന നേതാക്കള്‍ എന്നിവര്‍ തമ്മിലുള്ള ശക്തമായ സഹകരണത്തെ ഇത് സൂചിപ്പിക്കുന്നു എന്ന് ജനറല്‍ സെക്രട്ടറി കിഷോര്‍ കെവല്‍റാം പറഞ്ഞു.
ബഹ്റൈന്റെ ആഗോള കായിക പാരമ്പര്യം കെട്ടിപ്പടുക്കുന്നതിനുള്ള നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് കാപിറ്റല്‍ ഗവര്‍ണറേറ്റ് ഫോളോ-അപ്പ് ഡയറക്ടര്‍ യൂസഫ് ലോറി പറഞ്ഞു.

ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി സി.ഇ.ഒ. ഡോ. അബ്ദുറഹ്മാന് അസ്കര്‍ കോഴ് സ് ഉദ്ഘാടനം ചെയ്യും. ഐ.സി.സി. അസോസിയേറ്റ് അംഗങ്ങളുടെ ചെയര്മാന്
മുബസിര്‍ ഉസ്മാനി, ഐ.സി.സി. ജനറല്‍ മാനേജര്‍- ഗ്ലോബല്‍ ക്രിക്കറ്റ് ഡെവലപ്മെന്റ് വില്യം ഗ്ലെന്‍ റൈറ്റ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
ഐ.സി.സിയുടെ എജുക്കേറ്റര്‍മാരായ കാമറണ്‍ ട്രഡല് (ഓസ്ട്രേലിയ- കോഴ്സ് കണ്ഡക്ഷണര്), എസ്തര് ഡെ ലാംഗെ (ഐ.സി.സി. യൂറോപ്പ്), റോബര്‍ട്ട് കോക്സ് (ബ്രിട്ടന്) ജാനിത് സമരതുംഗ (ഓസ്ട്രേലിയ), ജോളന്‍ ഡിപ്പെനാര്‍ (ദക്ഷിണാഫ്രിക്ക), പ്രാചൂര് ശുക്ല (ബഹ്റൈന്‍) എന്നിവര്‍ കോഴ്സ് നയിക്കും. ഈ പദ്ധതി രൂപകല്‍പ്പന ചെയ്യാന്‍ നേതൃത്വം നല്‍കിയത് ഐ.സി.സി. വിദ്യാഭ്യാസ മാനേജര്‍ അഭിഷേക് ഷെഖാവത്താണ്.
