ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി യാസിർ ലാപിഡ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി ഐ2യു2 ഉച്ചക്കോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും. ആദ്യ ഉച്ചക്കോടി ഓൺലൈൻ വഴിയാകും നടക്കുക.
ജലം, ഊർജ്ജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ആഹാരം എന്നീ മേഖലകളിലെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം ഐ2യു2 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് ഇത്തരത്തിലൊരു ഉച്ചക്കോടി എന്ന ആശയം പങ്കുവെച്ചത്. സഹകരണ മേഖലയിൽ ഓരോ രാജ്യങ്ങളിലേയും പ്രതിനിധികൾ തമ്മിൽ ചർച്ചകൾ നടന്നിരുന്നു.
സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾ സമാഹരിച്ച് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വ്യവസായ മേഖലയിൽ കാർബണിന്റെ അളവ് കുറയ്ക്കുക, ആരോഗ്യ വികസനം, ഹരിത സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ഐ2യു2 വിന്റെ കീഴിൽ രാജ്യങ്ങൾക്ക് ഏകീകൃതമായി ആവിഷ്കരിക്കാൻ കഴിയുന്ന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യും. അതുവഴി വ്യാപാരത്തിലും നിക്ഷേപത്തിലും സാമ്പത്തിക പങ്കാളിത്തം വർദ്ധിപ്പിക്കാൻ കഴിയും. ഇത്തരം പദ്ധതികൾ സാമ്പത്തിക സഹകരണത്തിന്റെ ഉത്തമ മാതൃകകൾ ആകും. വ്യവസായികൾക്കും പ്രവർത്തകർക്കും അവസരങ്ങൾ ഉറപ്പാക്കാനും ഇതു വഴി കഴിയും. ഉച്ചക്കോടിയിൽ റഷ്യ- യുക്രെയ്ൻ സംഘർഷങ്ങളും ചർച്ച വിഷയമാകുമെന്ന് നേരത്തെ സൂചന നൽകിയിരുന്നു.
Summary: I2U2 Summit Date – Leaders of India, Israel, UAE, US to hold first virtual summit on July 14