തിരുവനന്തപുരം: തനിയ്ക്കൊപ്പം ഹോട്ടലിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്ന സ്വപ്നയുടെ ആരോപണം തള്ളി വിജേഷ് പിള്ള. സ്വപ്നയെ ഒറ്റയ്ക്കാണ് കണ്ടതെന്നും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും വിജേഷ് പിള്ള പറഞ്ഞു. ബംഗളൂരുവിലെ ഹോട്ടലിലും താമസിച്ചത് തനിച്ചായിരുന്നു. സ്വപ്നയുടെ നീക്കങ്ങൾക്ക് പിന്നിലാണ് അജ്ഞാതന്റെ സാന്നിധ്യം. ബംഗളൂരു പൊലീസ് നടപടികളുമായി സഹകരിക്കും. കൂടിക്കാഴ്ചയുടെ മുഴുവൻ വീഡിയോയും സ്വപ്ന പുറത്തുവിടണമെന്നും വിജേഷ് പിള്ള പറഞ്ഞു.
അതേസമയം, തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി കർണാടക പൊലീസ് അറിയിച്ചു. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. സ്വപ്ന വിജേഷ് പിള്ളയെ കണ്ട ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വിജേഷ് പിള്ളയെ വിളിപ്പിച്ചിട്ടുണ്ടെന്നും ബെംഗളൂരുവിലെ കെ ആർ പുര പൊലീസ് അറിയിച്ചു.