പാലക്കാട്: ഫണ്ട് തിരിമറി ആരോപണത്തെ തുടർന്ന് സി.പി.എമ്മിൽ നടപടിക്ക് വിധേയനായ നേതാവ് പി.കെ. ശശിയെ പുകഴ്ത്തി മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഫണ്ട് തിരിമറി നടത്തിയെന്നു കണ്ടെത്തിയ യൂണിവേഴ്സൽ കോളേജിലെ പരിപാടിക്കിടയിലാണ് പരാമർശം.
ശശിയെപ്പോലെ സത്യസന്ധനും സ്നേഹനിധിയുമായ മനുഷ്യനെ കണ്ടിട്ടില്ലെന്ന് ഗണേഷ് പറഞ്ഞു. താനും ഒരുപാട് ആരോപണങ്ങൾക്കിരയായിട്ടുണ്ട്. അടുത്തുനിന്നു കണ്ടിട്ടുള്ള ആളെന്ന നിലയ്ക്ക് ശശിയെപ്പോലെ സത്യസന്ധനും സ്നേഹനിധിയുമായ വേറെയൊരാളെ കണ്ടിട്ടില്ല. രാഷ്ട്രീയം നോക്കാതെ ആരെയും സഹായിക്കും. എം.എൽ.എ. ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും സ്നേഹത്തിനു മുൻതൂക്കം നൽകി പാവങ്ങളെ സഹായിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് മനസ്സിൽ അദ്ദേഹത്തിനു സ്ഥാനം നൽകിയിട്ടുള്ളത്. നുണകളിലൂടെ യൂണിവേഴ്സൽ കോളേജിനെയും ശശിയെയും ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ ഒരുപാട് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അത് ബാധിക്കുന്നുണ്ടെന്ന് ഓർക്കണം.
സത്യമേ ജയിക്കൂ. അസത്യത്തിനു കൂട്ടുനിന്നാൽ അസത്യം പ്രവർത്തിക്കുന്നവൻ കരിഞ്ഞു ചാമ്പലാകും. സത്യത്തിന്റെ കൂടെ നിൽക്കുന്നവൻ തിളങ്ങും.
തന്നെ വളഞ്ഞിട്ട് ആക്രമിച്ച ചിലർ കേരള രാഷ്ട്രീയത്തിന്റെ ഭൂപടത്തിൽ നിന്നു തന്നെ തൂത്തെറിയപ്പെട്ടു. തന്റെ ദൈവം സത്യമാണ്. പി.കെ.ശശിയെ ആക്രമിക്കുമ്പോൾ ഇതുപോലൊരു സ്ഥാപനമാണ് തകരുന്നത്. കള്ളം പറഞ്ഞ് ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കരുത്.
ശശി നല്ല മനുഷ്യനാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. കെ.ടി.ഡി.സിയുടെ തലപ്പത്ത് വന്നിട്ടുള്ള മികച്ച ചെയർമാനാണ്. കെ.ടി.ഡി.സിയുടെ സ്ഥാപനങ്ങളെല്ലാം നല്ല നിലയിലായെന്നും ഗണേഷ് കുമാർ പറഞ്ഞു.