മലപ്പുറം: സിഐസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചത് പൂര്‍ണ മനസ്സോടെയല്ല, മറിച്ച് സാദിഖലി തങ്ങൾ ആവശ്യപ്പെട്ടതുകൊണ്ടു മാത്രമാണെന്ന് തുറന്നടിച്ച് ഹക്കീം ഫൈസി ആദൃശ്ശേരി. സമസ്തയിലെ ഒരു വിഭാഗം അനാവശ്യമായി കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണ്. അവർ സാദിഖലി തങ്ങളെ സമ്മർദത്തിലാക്കിയതിന്റെ ഫലമാണ് ഈ രാജി. ഇത് നിലപാടിന്റെ ഭാഗമാണ്, പക്ഷേ വലിയൊരു വിഭാഗം ആളുകൾ തൻ്റെ രാജിയിൽ വേദനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെളിയിക്കാനോ ഭാഗം കേൾക്കാനോ സമസ്ത തയ്യാറായില്ല. പ്രത്യയശാസ്ത്രപരമായ മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്തി തിരുത്താനുള്ള അവസരം നൽകുന്നതാണ് ഇസ്ലാമിക വിധി. അത് സംഭവിച്ചില്ലെന്ന് മാത്രമല്ല, വ്യക്തിഹത്യ ചെയ്യില്ലെന്ന ഉറപ്പ് ലംഘിച്ച് പുറത്താക്കുകയും കേസ് കൊടുക്കുകയും ചെയ്തു.
രാഷ്ട്രീയ മാറ്റങ്ങളും പാണക്കാട് കുടുംബത്തോടുള്ള അസൂയയും വ്യക്തിവൈരാഗ്യവും തനിക്കെതിരായ വേട്ടയാടൽ തുടരുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും ഹക്കിം ഫൈസി പറയുന്നു. ഈ പരിഷ്കൃത കാലഘട്ടത്തിൽ വേദിപങ്കിടുന്നത് കുറ്റമാവുന്നത് കണ്ട് ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്നും ഫൈസി പറഞ്ഞു.