ന്യൂഡൽഹി: തെറ്റുകൾ സംഭവിക്കാറുണ്ടെന്നും താൻ ദൈവമല്ല, മനുഷ്യനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദയുടെ സഹസ്ഥാപകൻ നിഖിൽ കാമത്തിന്റെ പീപ്പിൾ എന്ന പരമ്പരയിലെ പോഡ്കാസ്റ്റിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പോഡ്കാസ്റ്റ് പുറത്തുവിടുന്നതിന് മുൻപ്, രണ്ടു മിനിറ്റുള്ള ട്രെയ്ലര് പുറത്തിറങ്ങിയിരുന്നു. ഇതാദ്യമായാണ് പ്രധാനമന്ത്രി ഒരു പോഡ്കാസ്റ്റിന്റെ ഭാഗമാകുന്നത്.
രണ്ട് മണിക്കൂർ നീണ്ടുനിന്ന പോഡ്കാസ്റ്റിൽ പ്രധാനമന്ത്രി തന്റെ ബാല്യകാലം, വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവേശനം, തിരിച്ചടികൾ, നയരൂപീകരണം തുടങ്ങി നിരവധി കാര്യങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ട്രെയ്ലറിൽ നിഖിൽ കാമത്ത് തന്റെ പരിഭ്രമം പ്രധാനമന്ത്രിയോട് തുറന്നു പറയുന്നുമുണ്ട്. സംഭാഷണത്തിനിടയിൽ പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ തന്റെ പ്രസംഗം ഓർമിച്ചു.
‘അന്ന് ഞാൻ പറഞ്ഞു, തെറ്റുകൾ സംഭവിക്കാം. ഞാൻ മനുഷ്യനാണ്, ദൈവമല്ല’. പഴഞ്ചൻ ചിന്താഗതികളെ തള്ളിക്കളയാനും രാജ്യത്തിന് പ്രഥമ സ്ഥാനം നൽകുന്ന ഏത് പുതിയ ആശയത്തെയും സ്വീകരിക്കാൻ തയ്യാറാണെന്നും മോദി വ്യക്തമാക്കി. രാഷ്ട്രീയ ജീവിതത്തിൽ എക്കാലവും തന്നെ വിടാതെ പിന്തുടരുന്ന ഗോധ്രാനന്തര കലാപത്തെക്കുറിച്ചും മോദി സംസാരിച്ചു.
‘2002 ഫെബ്രുവരി 24നാണ് ഞാൻ ആദ്യമായി എംഎൽഎയായത്. 27ന് ഞാൻ ആദ്യമായി അസംബ്ലിയിലെത്തി. അപ്പോഴാണ് ഗോധ്രയിൽ ട്രെയിനിന് തീപിടിച്ചെന്നു കേൾക്കുന്നത്. നിരവധി പേർ മരിച്ചെന്നും അറിവായി. ഉടൻ അവിടേക്കു പോകാൻ തീരുമാനിച്ചു. എന്നാൽ, ഹെലികോപ്റ്റർ ഉണ്ടായിരുന്നില്ല. ഒഎൻജിസിയുടെ ഒറ്റ എൻജിൻ ഹെലികോപ്റ്റർ മാത്രമാണുണ്ടായിരുന്നത്. അതിൽ വിഐപികളെ കൊണ്ടുപോകില്ലെന്ന് അവർ പറഞ്ഞു.
ഞാൻ വിഐപിയല്ല, സാധാരണക്കാരനാണെന്ന് ഞാൻ മറുപടി നൽകി. ഗോധ്രയിലെ കാഴ്ചകൾ മനസുലയ്ക്കുന്നതായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയായ എനിക്ക് വികാരങ്ങൾ പ്രകടിപ്പിക്കാനാവില്ലല്ലോ. സ്വയം നിയന്ത്രിച്ചു. 2002ലെ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപന ദിവസം ഞാൻ ടിവി നോക്കിയിരുന്നില്ല. 12 വരെ എന്നെ ഒന്നും അറിയിക്കേണ്ടതില്ലെന്ന് നിർദേശിച്ചിരുന്നു. 11 മണിക്കു ശേഷമെപ്പോഴോ ഡോൽ മുഴങ്ങുന്ന ശബ്ദം കേട്ടു. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ മുന്നേറുന്നതായി പിന്നീട് അറിഞ്ഞു.
കാര്യങ്ങൾ സമർഥമായി കൈകാര്യം ചെയ്യാൻ കഴിയുന്ന ടീമിനെ എങ്ങനെ സജ്ജമാക്കുന്നു എന്നതിലാണ് എന്റെ വിജയം. അതിലാരെയും പേരെടുത്തു പറയുന്നില്ല. പറഞ്ഞാൽ, അതു മറ്റുള്ളവരോടുള്ള അനീതിയാകും. ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോൾ ഞാൻ മൂന്നു ശപഥങ്ങളെടുത്തു. കഠിനാധ്വാനത്തിനുള്ള ഒരു അവസരവും പാഴാക്കില്ല, എനിക്കുവേണ്ടി ഒന്നും ചെയ്യില്ല, തെറ്റായ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കില്ല.
തെറ്റുകൾ ഒഴിവാക്കാനാവില്ല. അത് മനുഷ്യസഹജമാണ്. എന്നാൽ, നമ്മുടെ ഉദ്ദേശ്യലക്ഷ്യം തെറ്റായിരിക്കരുത്. രാഷ്ട്രീയം എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു മാത്രമല്ല. അത്തരമൊരു രാഷ്ട്രീയ ജീവിതം എല്ലാവർക്കും എളുപ്പത്തിൽ സാധ്യവുമല്ല. ചിലർക്കു ഭാഗ്യമുണ്ട്. ഒന്നും ചെയ്തില്ലെങ്കിലും എല്ലാ നേട്ടങ്ങളും അവർക്കു കൈവരും’- കുടുംബ രാഷ്ട്രീയത്തെ പരോക്ഷമായി പരാമർശിച്ചു മോദി പറഞ്ഞു. 2014 ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ വാഡ്നഗർ സന്ദർശനത്തിന് പിന്നിലെ രഹസ്യവും മോദി വെളിപ്പെടുത്തി.
വാഡ്നഗർ സന്ദർശിക്കാനുള്ള ഷി ജിൻപിങ്ങിൻ്റെ ആഗ്രഹം 1,400 വർഷം പഴക്കമുള്ള ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഷി ജിൻപിങ്ങ് വാഡ്നഗറിലേയ്ക്ക് എത്താൻ കാരണക്കാരനായത് ഗുജറാത്തിലെ വാഡ്നഗറിൽ താമസിച്ചിരുന്ന ഇതിഹാസ ചൈനീസ് തത്ത്വചിന്തകനായ ഹ്യൂൻ സാങ് എന്നറിയപ്പെടുന്ന ഷുവാൻസാങ്ങാണ്.
വാഡ്നഗറുമായി തനിയ്ക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നും അതിനാൽ ഗുജറാത്ത് സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നും ഷി ജിൻപിങ് പറഞ്ഞതായി പ്രധാനമന്ത്രി വെളിപ്പെടുത്തി. ഇന്ത്യയിൽ വരണമെന്നും ഗുജറാത്ത് സന്ദർശിക്കണമെന്നും ഷി ജിൻപിങ്ങ് പറഞ്ഞു. ഷുവാൻസാങ്ങ് വാഡ്നഗറിൽ താമസിച്ചിരുന്നതായും ചൈനയിലേക്ക് മടങ്ങിയ ശേഷം തൻ്റെ ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചതെന്നും ഷി ജിൻപിങ് പറഞ്ഞിരുന്നുവെന്ന് മോദി കൂട്ടിച്ചേർത്തു.