ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ബലംപ്രയോഗിച്ച് ആസിഡ് കുടിപ്പിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചു. സ്ത്രീധന പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
ന്യൂ മാണ്ഡി പൊലീസ് സ്റ്റേഷന് പരിധിയില്‍ ഞായറാഴ്ചയാണ് സംഭവം. രേഷ്മയെയാണ് ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആവശ്യപ്പെട്ട സ്ത്രീധനം കൊടുക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണം. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ തുടര്‍ച്ചയായി ഉപദ്രവിച്ചിരുന്നതായി യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു.
മകളെ ഭര്‍തൃവീട്ടുകാര്‍ ബലംപ്രയോഗിച്ച് ആസിഡ് കുടിപ്പിച്ച് കൊല്ലുകയായിരുന്നു. മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ടെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ രേഷ്മയുടെ ഭര്‍ത്താവ് പര്വേസിനെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
