ജയ്പൂര്‍: കൈക്കൂലിക്കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതിനെ തുടര്‍ന്ന് ജയ്പൂര്‍ ഹെറിട്ടേജ് മുനിസിപ്പല്‍ കോര്പ്പറേഷന് മേയറെ രാജസ്ഥാന് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് നേതാവായ മുനേഷ് ഗുര്‍ജാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മുനേഷ് ഗുര്‍ജാറിന്റെ ഭര്‍ത്താവ് സുശീല്‍ ഗുര്‍ജാറിനെ കഴിഞ്ഞ ദിവസം സംസ്ഥാന അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ മുനേഷ് ഗുര്‍ജാറിനും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് മേയറെ സസ്പെന്‍ഡ് ചെയ്തത്.
സുശീല്‍ ഗുര്‍ജാര്‍ തന്റെ വസതിയില്‍വെച്ച് മേയറുടെ സാന്നിധ്യത്തില്‍ പരാതിക്കാരനില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. മേയറുടെ വീട്ടില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച 40 ലക്ഷം രൂപയും അഴിമതി വിരുദ്ധ വിഭാഗം പിടിച്ചെടുത്തിരുന്നു.സുശീല്‍ ഗുര്‍ജറിനെ കൂടാതെ കേസില്‍ ഇയാളുടെ അനുയായികളായ നാരായണ്‍ സിങ്, അനില്‍ ദുബെ എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നാരായണ്‍ സിങ്ങിന്റെ വീട്ടില്‍നിന്ന് എട്ട് ലക്ഷം രൂപയും നേട്ടെണ്ണുന്ന യന്ത്രവും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്