മുംബൈ: ബോളിവുഡ് നടി തപ്സി പന്നു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. ബിജെപി എംഎൽഎയുടെ മകൻ ഏകലവ്യ സിംഗ് ഗൗറാണ് നടിക്കെതിരെ പോലീസിൽ പരാതി നൽകിയത്. കൊമേഡിയന്‍ മുനാവീര്‍ ഫറൂഖിക്കെതിരെ ഏകലവ്യ നേരത്തെ ഇൻഡോറിൽ പരാതി നൽകിയിരുന്നു. ലക്ഷ്മി ദേവിയുടെ ആകൃതിയിലുള്ള നെക്ക്പീസും ശരീരം കാണിക്കുന്ന വസ്ത്രവും ധരിച്ച നടി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി.
ഇൻഡോറിലെ ഛത്രിപുര പോലീസ് സ്റ്റേഷനിലാണ് തപ്സി പന്നുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. ബിജെപി എംഎൽഎ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ ഗൗറാണ് പരാതി നൽകിയത്. മാർച്ച് 12ന് മുംബൈയിൽ നടന്ന ലാക്മെ ഫാഷൻ വീക്കിൽ റാംപ് വാക്കിനിടെയാണ് തപ്സി ഈ വസ്ത്രം ധരിച്ചിരുന്നത്.
സനാതന ധർമ്മത്തെ അപമാനിക്കാൻ നടി ബോധപൂർവ്വം ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. ലാക്മെ ഫാഷൻ വീക്കിൽ താൻ ധരിച്ച ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും വീഡിയോ നടി തപ്സി പന്നു തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ഈ വേഷമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.