
മനാമ: ബഹ്റൈനില്‍ മനുഷ്യക്കടത്ത് കേസില്‍ പ്രതികളായ രണ്ട് ഏഷ്യക്കാര്‍ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം വീതം തടവും 2,000 ദിനാര്‍ വീതം പിഴയും വിധിച്ചു.
കൂടാതെ ഇരകളെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ചെലവ് ഇവരില്‍നിന്ന് ഈടാക്കാനും ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തി ഇവര്‍ക്കെതിരെ കേസെടുത്തത്. ഇവര്‍ വിദേശത്തുനിന്ന് രണ്ടുപേരെ ജോലി വാഗ്ദാനം ചെയ്ത് ബഹ്റൈനില്‍ കൊണ്ടുവന്ന് അവരുടെ പാസ്പോര്ട്ടുകള് കൈവശപ്പെടുത്തിയ ശേഷം ഒരു ഫ്ളാറ്റില്‍ അടച്ചിടുകയും നിയമവിരുദ്ധ ജോലികള്‍ ചെയ്യാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു എന്നായിരുന്ന പരാതി.
പബ്ലിക് പ്രോസിക്യൂഷന് ഉടന്‍ തന്നെ അന്വേഷണമാരംഭിച്ചു. പരാതിയില്‍ പറഞ്ഞത് ശരിയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. തുടര്‍ന്ന് കേസെടുത്ത് പ്രതികളെ പിടികൂടുകയും ഇരകളെ ദേശീയ മനുഷ്യക്കടത്ത് വിരുദ്ധസമിതി നടത്തുന്ന ഷെല്‍ട്ടറിലേക്ക് മാറ്റുകയുമായിരുന്നു.


