തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ അതിപ്രധാന റോഡുകളിൽ ആഘോഷ പരിപാടികളും ജാഥകളും നടത്തുന്നത് നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ഗതാഗതക്രമീകരണങ്ങൾ ആസൂത്രണം ചെയ്യണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
വിവിധ സംഘടനകൾ പ്രധാന റോഡുകൾ കയ്യടക്കി നടത്തുന്ന ജാഥകളും ആഘോഷ പരിപാടികളും വാഹനയാത്രക്കാരെ വലയ്ക്കാറുണ്ട്. മണിക്കൂറുകളോളം റോഡിൽ കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് വാഹന യാത്രക്കാർ.
2023 ജൂൺ 23ന് അന്തർദേശീയ ഒളിമ്പിക് ദിനത്തിൽ നടന്ന കൂട്ടയോട്ടം കാരണം കവടിയാർ വെള്ളയമ്പലം റോഡിലുണ്ടായ ഗതാഗത തടസ്സത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കൂട്ടയോട്ടത്തെക്കുറിച്ച് മുന്നറിയിപ്പുണ്ടായിരുന്നില്ലെന്നും പരാതിക്കാരൻ അറിയിച്ചു. എന്നാൽ ഗതാഗത തടസത്തെ കുറിച്ച് മുന്നറിയിപ്പുകൾ നൽകാറുണ്ടെന്നും ഇത്തരം സന്ദർഭങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാറുണ്ടെന്നും ട്രാഫിക് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കവടിയാർ സ്വദേശി അനിൽകുമാർ പണ്ടാല സമർപ്പിച്ച പരാതിയിലാണ് നടപടി. ഗതാഗത തടസം കാരണം ട്രെയിൻ കിട്ടാതാവുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു.