
തിരുവനന്തപുരം: വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വൻ റോഡ് ഷോ ഒരുക്കി സ്വീകരിക്കുമെന്ന് ബിജെപി. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് മോദിയുടെ സന്ദർശനം. രാവിലെ 11 മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ കാല് ലക്ഷം പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തും. കേരളത്തിനനുവദിച്ച പുതിയ നാല് ട്രെയിനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിക്കും.
വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂപ്രിന്റ് മേയര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു . 2030 വരെയുള്ള തിരുവനന്തപുരം വികസനത്തിന്റെ ബ്ലൂപ്രിന്റാണ് നരേന്ദ്രമാദി അവതരിപ്പിക്കുന്നത്.11 മണിയോടെ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും.
റോഡ് ഷോയ്ക്ക് ശേഷമായിരിക്കും പ്രധാനമന്ത്രി ബിജെപി സമ്മേളത്തിൽ എത്തുക. നരേന്ദ്രമോദി എത്തുന്നതോടെ കോര്‍പ്പറേഷനില്‍ അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്ത് എത്തുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ നല്കിയ ഉറപ്പ് പാലിക്കപ്പെടുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ് പറഞ്ഞു.
സ്വര്‍ണക്കൊള്ളക്കെതിരെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റേയും ദേവസ്വം മന്ത്രി വിഎന്‍ വാസവന്റെയും വസതികളിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചുകള്‍ക്ക് ശേഷം 22ന് പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലെ ഒഫീസിലേക്കും തിരുവമ്പാടിയിലെ മുക്കത്തെ ഓഫീസിലേക്കും ബിജെപി മാര്‍ച്ച് നടത്തും. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. ആന്റോ ആന്റണിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്കും ബിജെപി മാര്‍ച്ച് നടത്തുമെന്നും അനൂപ് ആന്റണി പറഞ്ഞു.


