മലപ്പുറം: മലപ്പുറം: മലപ്പുറം വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിൽ ഒരു കോടി രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ്. ബ്രാഞ്ച് മാനേജരുടെ പരാതിയില്‍ ഒരു ജീവനക്കാരനടക്കം അഞ്ചു പേർക്ക് എതിരെ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശികളായ പടപ്പേതൊടി അബ്ദുൽ നിഷാദ്, കൊരക്കോട്ടിൽ മുഹമ്മദ് അഷ്റഫ്,പറങ്ങാട്ടുതൊടി റഷീദലി , കാവുംപുറത്ത് മുഹമ്മദ് ശരീഫ് , കൊളത്തൂർ സ്വദേശി രാജൻ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
രാജൻ കെഎസ്എഫ്ഇ ശാഖയിലെ ഗോൾഡ് അപ്രൈസർ ജീവനക്കാരനാണ്. സ്വർണമെന്ന വ്യാജേന 221.63 പവൻ മുക്കുപണ്ടമാണ് നാലുപേര്‍ പല തവണകളായി കെഎസ് എഫ് ഇയില്‍ പണയം വെച്ചിട്ടുള്ളത്. .കഴിഞ്ഞ വർഷം ഒക്ടോബർ 28 നും ഈ വർഷം ജനുവരി 18 നും ഇടയിൽ 10 തവണയാണ് പണയം വച്ചിട്ടുള്ളത്. 1.48 കോടി രൂപയാണ് സംഘം തട്ടിയെടുത്തത്.
ബ്രാഞ്ച് മാനേജര്‍ ലിനിമോളുടെ പരാതിയില്‍ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സ്ഥാപനത്തിലെ ഗോൾഡ് അപ്രൈസറുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായി. ഇതോടെയാണ് ഇയാളടക്കം അഞ്ചു പേർക്ക് എതിരെ പൊലീസ് കേസെടുത്തത്. സ്ഥാപനത്തിലെ കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.