
സോള്‍: ലോകത്തിലെ ഒന്നാം നമ്പർ സ്മാർട്ട്ഫോൺ നിർമ്മാതാവ് എന്ന നിലയിലുള്ള ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്ങിന്റെ ദീർഘകാല ആധിപത്യം ദുർബലമാകുന്നതായി റിപ്പോർട്ട്. 2025-ന്റെ അവസാനം ആവുമ്പോഴേക്കു ആഗോള സ്മാർട്ട്ഫോൺ കയറ്റുമതിയില്‍ ആപ്പിളിന് സാംസങ്ങിനെ മറികടന്ന് ഒന്നാം സ്ഥാനം നേടാൻ കഴിയുമെന്ന് കൗണ്ടർപോയിന്റ് റിസർച്ചിന്റെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐഫോൺ 17 സീരീസിനുള്ള റെക്കോർഡ് ഡിമാൻഡും അതിവേഗം വർധിച്ചുവരുന്ന അപ്ഗ്രേഡ് സൈക്കിളുമാണ് ഇതിന് പ്രധാന കാരണം എന്നാണ് റിപ്പോർട്ടുകൾ. 14 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഫോണ്‍ വില്പനയില് സാംസങിനെ ആപ്പിള്‍ മറികടക്കാനൊരുങ്ങുന്നത്.
2025ല്‍ ആപ്പിള്‍ വിപണിയിലെത്തിച്ചത് 24 കോടിയിലധികം ഐഫോണുകള്‍
2025ല്‍ ആപ്പിള്‍ 243 ദശലക്ഷം (24 കോടി) ഐഫോണുകളും സാംസങ് 235 ദശലക്ഷം (23 കോടി) ഫോണുകളുമാണ് വിപണിയില്‍ എത്തിക്കുന്നത്. ആപ്പിള്‍ 2025 സെപ്റ്റംബറില്‍ പുറത്തിറക്കിയ ഐഫോൺ 17 സീരീസ് സ്മാർട്ട്ഫോൺ വിപണിയുടെ ഘടന തന്നെ മാറ്റിമറിച്ചെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം സാംസങ്ങിന്റെ കയറ്റുമതി പ്രതിവർഷം 4.6 ശതമാനം വളർച്ച കൈവരിക്കുമെന്നും ആഗോള വിഹിതം 18.7 ശതമാനത്തിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും ഒരു ദശാബ്ദത്തിലേറെയായി കമ്പനി കൈവശം വച്ചിരുന്ന ഒന്നാം സ്ഥാനം നഷ്ടമാകുമെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2025ലെ സ്മാര്‍ട്ട്ഫോണ്‍ വില്പനയില് ആപ്പിളിന്റെ വിഹിതം 19.4 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ.
ആളുകള്‍ പഴയ ഐഫോണുകള്‍ അപ്ഗ്രേഡ് ചെയ്യുന്നു
2025-ൽ ആഗോള സ്മാർട്ട്ഫോൺ വില്പനയിൽ 3.3 ശതമാനം വാർഷിക വളർച്ച പ്രതീക്ഷിക്കുന്നതായി കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് റിപ്പോർട്ട് പറയുന്നു. ഐഫോൺ 17 സീരീസിനുള്ള ഉയർന്ന പോസിറ്റീവ് മാർക്കറ്റിനൊപ്പം പുതിയ വിൽപ്പന പ്രതീക്ഷയ്ക്ക് പിന്നിലെ പ്രധാന ഘടകം പഴയ ഫോണുകൾ ആളുകള്‍ പുതുക്കുന്നതാണെന്ന് സീനിയർ അനലിസ്റ്റ് യാങ് വാങ് പറഞ്ഞു. കൊവിഡ് 19 തരംഗത്തിനിടെ സ്മാർട്ട്ഫോണുകൾ വാങ്ങിയ ഉപഭോക്താക്കൾ ഇപ്പോൾ അവരുടെ ഫോണുകളുടെ അപ്ഗ്രേഡ് ചെയ്യുകയാണെന്ന് അദേഹം വ്യക്തമാക്കി. 2023നും 2025ലെ രണ്ടാം പാദത്തിനും ഇടയിൽ 358 ദശലക്ഷം സെക്കൻഡ് ഹാൻഡ് ഐഫോണുകൾ വിറ്റഴിക്കപ്പെട്ടു എന്നും ഈ ഉപയോക്താക്കൾ വരും വർഷങ്ങളിൽ പുതിയ ഐഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധ്യതയുണ്ടെന്നും അദേഹം പറഞ്ഞു. ഈ ഘടകങ്ങൾ ഒരു വലിയ ഡിമാൻഡ് അടിത്തറ സൃഷ്ടിക്കുമെന്നും ഇത് വരും പാദങ്ങളിൽ ഐഫോൺ കയറ്റുമതി വളർച്ച നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യാങ് വാങ് കൂട്ടിച്ചേർത്തു.


