മനാമ: ജൂലൈ 28 ചൊവ്വാഴ്ച ആണ് ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനായ അമല്ദേവിന് ബഹ്റൈനിൽ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിയായ ഒരു വ്യക്തിയുടെ ഫോൺ കോൾ വരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജൂലൈ 27 തിങ്കളാഴ്ച്ച ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയെന്നും എന്നാൽ കുട്ടിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ ജീവൻ നിലനിർത്തണമെങ്കിൽ അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നും ഈ ശസ്ത്രക്രിയ ബഹ്റൈനിൽ ലഭ്യമല്ല എന്നും ഡോക്ടർമാർ അറിയിച്ചതായും എത്രയും വേഗം കുഞ്ഞിനെ നാട്ടിൽ എത്തിച്ചു തൻറെ കുഞ്ഞിൻറെ ജീവൻ രക്ഷിക്കാൻ ആയി എന്നെ സഹായിക്കണം എന്നുമായിരുന്നു ആ പിതാവിൻറെ നിസ്സഹായതയോടെ ഉള്ള അപേക്ഷ. ഏതാനും മാസങ്ങൾക്ക് മുന്നേ സമാനമായ ഒരു കേസിൽ ഇതേ ആശുപത്രിയിൽ നിന്നും ഒരു കുഞ്ഞിനെ അടിയന്തിരമായി നാട്ടിൽ എത്തിക്കാൻ അമൽദേവ് നടത്തിയ ഇടപെടലുകൾ വിജയം കണ്ടതിൻറെ അടിസ്ഥാനത്തിലാണ് സൽമാനിയ ഹോസ്പിറ്റലിലെ ജീവനക്കാർ എത്രയും വേഗം അമലിനെ ബന്ധപ്പെടാൻ ഈ കുടുംബത്തോട് നിർദ്ദേശിച്ചത്.
കുഞ്ഞിനെ നാട്ടിൽ എത്തിക്കാൻ വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തു തരാം എന്ന് ആ മാതാപിതാക്കൾക്ക് അമൽദേവ് വാക്ക് കൊടുകുകയും ചെയ്തു. കഴിഞ്ഞ മാസം ഹൃദയ തകരാർ ഉള്ള ഒരു നവജാത ശിശുവിനെ ബഹ്റൈനിൽ നിന്നും അടിയന്തരമായി നാട്ടിൽ എത്തിച്ചു കേരള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിൽ പെടുത്തി ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞതിന്റെ ഉറപ്പിന്മേൽ ആണ് ഇവർക്കും അമൽദേവ് വാക്ക് നൽകിയത്. കുഞ്ഞിനെ നാട്ടിൽ എത്തിക്കാൻ ഉള്ള പ്രവർത്തനങ്ങൾ അന്ന് തന്നെ ആരംഭിച്ചു. കേരള സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുക, ഹൃദ്യം പദ്ധതിയിൽ പെടുത്തി ശസ്ത്രക്രിയ അടിയന്തിരമായി ചെയ്യുക, വിമാന ടിക്കറ്റ് സംഘടിപ്പിക്കുക, കുട്ടിക്ക് ജനന സർട്ടിഫിക്കറ്റും പാസ്പോർട്ടും എടുക്കുക, മറ്റ് നിയമ പ്രശ്നങ്ങൾ മറി കടക്കുക തുടങ്ങിയവ ആയിരുന്നു മുന്നിൽ ഉണ്ടായിരുന്നത്.
ലക്ഷങ്ങൾ ചിലവുള്ള ശസ്ത്രക്രിയയും തുടർ ചികിൽസയും ആ പിതാവിനും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. അമൽ കേരള ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും തുടർന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ പ്രമോദ്, ബെന്നി ബഹന്നാൻ MP തുടങ്ങിയവരുടെ ഇടപെടലിലൂടെ ഈ കേസിന്റെ അടിയന്തിര സ്വഭാവം ആരോഗ്യ വകുപ്പിനേയും ഹൃദ്യം പദ്ധതി അപ്രൂവൽ ബോർഡിനേയും ബോധ്യപ്പെടുത്താൻ സാധിച്ചു. തുടർന്ന് ഹൃദ്യം പദ്ധതി നോഡൽ ഓഫീസർ/കോർഡിനേറ്റർ ഡോ: ശ്രീഹരിയുടെ ധ്രുത ഗതിയിൽ ഉള്ള പ്രവർത്തനങ്ങളുടെ ഫലമായി കുട്ടിയുടെ ശസ്ത്രക്രിയയും 18 വയസ്സ് വരെയുള്ള തുടർ ചികിത്സകളും കേരള സർക്കാർ ആരോഗ്യ വകുപ്പ് ഹൃദ്യം പദ്ധതിയിൽ പെടുത്തി നടത്തുവാൻ ഉള്ള ഉത്തരവ് സമ്പാദിച്ചു. നാല് പേരടങ്ങുന്ന കുടുംബത്തിന്റെ വിമാന ടിക്കറ്റുകൾ നൽകാൻ ICRF സംഘടനയും മുന്നോട്ട് വന്നു.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
പിന്നീട് ഉള്ള കടമ്പ കുഞ്ഞിന്റെ പാസ്പോർട്ട് എടുക്കുക എന്നത് ആയിരുന്നു. വെള്ളിയാഴ്ച മുതൽ 4 ദിവസത്തേക്ക് പെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ ജൂലൈ 30 വ്യാഴാഴ്ച എന്ന ഒരേ ഒരു ദിവസം മാത്രം ആയിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ തന്നെ അമൽ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെടുകയും അവരുടെ സമയോചിതമായ ഇടപെടലിലൂടെ ആഴ്ചകൾ എടുക്കുമായിരുന്ന പ്രോസസ് ലഘൂകരിച്ചു നാല് മണിക്കൂറിനുള്ളിൽ കുഞ്ഞിന് പാസ്പോർട്ട് ലഭിക്കുകയും ഉണ്ടായി. തുടർന്ന് എയർ ഇന്ത്യയുടെ മെഡിക്കൽ അപ്രൂവലൈനായി എയർ ഇന്ത്യയുടെ ബഹ്റൈൻ ഓഫീസുമായി ബന്ധപ്പെട്ടു.എന്നാൽ ജനിച്ചു മിനിമം 12 ദിവസം ആകാത്ത കുട്ടിയെ വിമാന യാത്രയ്ക്ക് അനുവദിക്കാൻ കഴിയില്ല എന്ന നിയമ കുരുക്കിൽ പെട്ട് എയർ ഇന്ത്യ മെഡിക്കൽ അപ്രൂവൽ നിരസിക്കപ്പെട്ടു. ഇടുക്കി MP ഡീൻ കുര്യാക്കോസുമായി അമൽ ബന്ധപ്പെടുകയും അദ്ദേഹം പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. എയർ ഇന്ത്യ ഡൽഹി, ചെന്നൈ ഓഫീസുകളിലേക്ക് ഇതൊരു അടിയന്തിര കേസായി പരിഗണിച്ചു അപ്രൂവൽ നൽകാൻ എം.പിയുടെ ഓഫീസ് മെയിൽ അയച്ചു. ബഹറിനിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലും ഒപ്പം ഉണ്ടായി. ഇതിന്റെ ഫലമായി കുഞ്ഞിന് യാത്ര ചെയ്യാൻ ഉള്ള അനുമതി എയർ ഇന്ത്യ നൽകി.ചുരുങ്ങിയ സമയത്തിനുള്ളിൽ നടത്താൻ കഴിഞ്ഞ ഇടപെടലുകളുടെ ഫലമായി ആ കുടുംബം നാട്ടിലേക്ക് വിമാനം കയറി. ഈ കുഞ്ഞിനെ അടിയന്തരമായി നാട്ടിൽ എത്തിക്കുന്നതിനും ഹൃദ്യം പദ്ധതിയിൽ പെടുത്തി ശസ്ത്രക്രിയ നടത്തുന്നതിനും വേണ്ട അനുമതികൾ നേടി.
ഇതിനായി വേണ്ടുന്ന സഹായങ്ങൾ നൽകിയ കേരള ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ,ഹൃദ്യം പദ്ധതി നോഡൽ ഓഫീസർ /കോർഡിനേറ്റർ ഡോ: ശ്രീ ഹരിക്കും, ബെന്നി ബഹന്നാൻ MP, ഇടുക്കി MP ഡീൻ കുര്യാക്കോസ്, യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പ്രമോദ് , എയർ ഇന്ത്യ കണ്ട്രി മാനേജർ മേനോൻ, ബഹ്റൈനിലെ ഇന്ത്യൻ എംബസി , ICRF, മറ്റ് സുഹൃത്തുക്കൾ എന്നിവർക്ക് അമൽനാഥും, കുഞ്ഞിൻറെ കുടുംബവും നന്ദി അറിയിച്ചു. നാളെ(ഓഗസ്റ്റ് 11) രാവിലെ ഏഴു മണിമുതൽ ആ കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ അമൃത ഹോസ്പിറ്റലിൽ നടക്കുകയാണ്. ഏഴു മണിക്കൂറോളം വേണ്ടി വരുന്ന ഹൃദയ ശസ്ത്രക്രിയ …ആ കുടുംബത്തിനോടും, അമലിനോടുമൊപ്പം നമുക്കും പ്രാർത്ഥിക്കാം ചികിത്സകൾ വിജയകരമായി പൂർത്തിയാക്കി ആരോഗ്യവതിയായി ആ പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ…
റിപ്പോർട്ട്: സേതുരാജ് കടയ്ക്കൽ
0097336219358