മനാമ: ബഹ്റൈൻ സർക്കാരും ഇസ്രായേൽ സർക്കാരും തമ്മിൽ വിമാനസർവിസുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ ഒപ്പിടുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി ഗതാഗത, ടെലികോം മന്ത്രിയെ അധികാരപ്പെടുത്തുകയും ചെയ്തു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി സമർപ്പിച്ച മെമ്മോറാണ്ടത്തിന്റെ വെളിച്ചത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ സംബന്ധിച്ച കരാർ നിയമനിർമ്മാണ കാര്യ മന്ത്രാലയത്തിന് അയച്ചു.
വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ മനുഷ്യാവകാശ ഉന്നതാധികാര സമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. 18 സർക്കാർ അതോറിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ കമ്മിറ്റിയിലുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി മുന്നോട്ടുവെച്ച നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതായും യോഗം വിലയിരുത്തി.


