
മനാമ: ഫ്രാന്‍സിലെ മോണ്ട്പാസിയറില് നടന്ന എഫ്.ഇ.ഐ. ലോക കുതിരയോട്ട ചാമ്പ്യന്‍ഷിപ്പ് 160 കിലോമീറ്റര്‍ മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബഹ്റൈന്‍ റോയല്‍ എന്‍ഡ്യൂറന്‍സ് ടീം ഒന്നാം സ്ഥാനം നേടി.
ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ചാമ്പ്യന്‍ഷിപ്പ് വേദിയിലെത്തി. റോയല്‍ ടീമിനെ മികച്ച വിജയത്തിലേക്ക് നയിച്ച ടീം ക്യാപ്റ്റനും രാജാവിന്റെ ഹ്യൂമാനിറ്റേറിയന്‍ വര്‍ക്ക്സ് പ്രതിനിധിയുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെയും ടീം അംഗങ്ങളെയും കിരീടാവകാശി അഭിനന്ദിച്ചു.
ടീമിന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയില്‍നിന്ന് ലഭിച്ച ഉറച്ച പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. രാജാവിന്റെ പ്രോത്സാഹനത്തിന്റെ നേരിട്ടുള്ള ഫലമാണ് തുടര്‍ച്ചയായ രണ്ടാം വിജയം. മികച്ച വിജയമാണ് ടീം നേടിയത്. ഇത് ആഗോളതലത്തില്‍ രാജ്യത്തിന്റെ സ്ഥാനം ഉയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു. 39 രാജ്യങ്ങളില്‍നിന്നുള്ള 118 പുരുഷ-വനിതാ റൈഡര്‍മാര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. ആറ് ലൂപ്പുകളായി തിരിച്ച 160 കിലോമീറ്ററായിരുന്നു മത്സരത്തിന്റെ ദൂരം.
