റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഒരു യാത്രാ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടാകുന്നത്.
ഇന്ന് പുലർച്ചെയാണ് വിമാനത്താവളത്തിലേക്ക് ആദ്യം രണ്ട് പൈലറ്റില്ലാ വിമാനങ്ങൾ സ്ഫോടക വസ്തുക്കളുമായി ആക്രമിക്കാനെത്തിയത്. ആദ്യ ആക്രമണത്തിൽ ആളപായമില്ല. വിമാനത്താവളത്തിന് നേരെയുള്ള രണ്ടാമത്തെ ഡ്രോൺ ആക്രമണത്തിലാണ് എട്ട് പേർക്ക് പരിക്കേറ്റത്. 24 മണിക്കൂറിനിടെയുണ്ടായ രണ്ട് ആക്രമണങ്ങളിലൂടെ ഹൂതികള്‍ യുദ്ധക്കുറ്റത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അറബ് സഖ്യസേന ആരോപിച്ചു.
2015 മുതൽ, അറബ് സഖ്യവുമായി പോരാടുന്ന യമനിലെ ഹൂതി തീവ്രവാദികൾ സൗദി അറേബ്യയ്ക്കുള്ളിലെ സൈനിക സ്ഥാപനങ്ങളും നിർണായക എണ്ണ ഇൻഫ്രാസ്ട്രക്ചറും അന്താരാഷ്ട്ര വിമാനത്താവളങ്ങളും ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്തുന്നുണ്ട്.