
മനാമ: ബഹ്റൈനില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ ഏപ്രില്‍ 23 മുതല്‍ 25 വരെ എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ സാമൂഹ്യ ഭവന ഉച്ചകോടി നടക്കും.
ഇതിനായി ഭവന, നഗരാസൂത്രണ മന്ത്രാലയവും എസ്കാന് ബാങ്കും പ്ലാറ്റിനം സ്പോണ്‍സര്‍ഷിപ്പ് കരാറുകളില്‍ ഒപ്പുവച്ചു.
നൂതനമായ സാമൂഹിക ഭവന പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ഗുണഭോക്താക്കള്‍ക്കായി ധനസഹായവും റിയല്‍ എസ്റ്റേറ്റ് ഓപ്ഷനുകളും വികസിപ്പിക്കുന്നതിലും പൊതു-സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യമുണ്ടെന്ന് ഭവന, നഗരാസൂത്രണ മന്ത്രി അംന ബിന്ത് അഹമ്മദ് അല്‍ റുമൈഹി പറഞ്ഞു. സ്വകാര്യ മേഖലയുമായി കൂടുതല്‍ അടുത്ത സഹകരണത്തിലൂടെ ഭവന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് ഉച്ചകോടി നത്തുന്നതെന്നു അവര്‍ പറഞ്ഞു.
നാഷണല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉസ്മാന് അഹമ്മദ്, ബഹ്റൈന്‍ ഇസ്ലാമിക് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഫാത്തിമ അല്‍ അലവി, ബാങ്ക് ഓഫ് ബഹ്റൈന്‍ ആന്റ് കുവൈത്ത് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യാസര്‍ അല്ഷാരിഫി, ദിയാര്‍ അല്‍ മുഹറഖിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഹമ്മദ് അലി അലമ്മദി, ബരീഖ് അല്‍ റിതാജിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യൂസിഫ് ബുച്ചീരി, ദില്‍മുനിയ ഗേറ്റ്വേയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്ല അലി എന്നിവരുള്‍പ്പെടെ സ്പോണ്സറിംഗ് സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും കരാറുകളില്‍ ഒപ്പുവച്ചു.
