ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ചുങ്കം കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ട് ആണ് മുങ്ങിയത്. ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാൻ കേരളത്തിലെത്തിയ ആന്ധ്രാപ്രദേശിൽ നിന്നുള്ള നാലുപേരാണ് ഹൗസ്ബോട്ടിൽ ഉണ്ടായിരുന്നത്.
ആന്ധ്രാപ്രദേശ് സ്വദേശി രാമചന്ദ്ര റെഡ്ഡിയാണ് മുങ്ങിമരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് ആന്ധ്രാ പൗരൻമാരെയും ഒരു ജീവനക്കാരനെയും മറ്റ് ഹൗസ് ബോട്ടുകളുടെ ജീവനക്കാർ മുങ്ങിത്താഴും മുമ്പ് പുറത്തെത്തിച്ചു. ഹൗസ് ബോട്ടിന്റെ അടിയിലെ പലക തകർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
കുതിരപ്പന്തി സ്വദേശി മിൽട്ടന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് ഓർക്കിഡ് എന്ന ഹൗസ് ബോട്ടാണ് മുങ്ങിയത്. സംഭവസമയത്ത് സുനന്ദൻ എന്ന ഹൗസ് ബോട്ട് ജീവനക്കാരൻ ബോട്ടിലുണ്ടായിരുന്നു.