
മനാമ: ബഹ്റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ കാല് ശസ്ത്രക്രിയയിലെ പിഴവുമൂലം 12% സ്ഥിരമായ ശാരീരിക വൈകല്യം സംഭവിച്ച രോഗിയുടെ കുടുംബത്തിന് 5,400 ദിനാര്‍ നഷ്ടപരിഹാരം നല്കാന് ഹൈ സിവില്‍ അപ്പീല്‍ കോടതി വിധിച്ചു.
നേരത്തെ കുടുംബം നല്കിയ കേസ് കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് ഇപ്പോള്‍ വിധിയുണ്ടായത്.
2022 ഓഗസ്റ്റില്‍ കാലില്‍നിന്ന് ലോഹ ഇംപ്ലാന്റുകള്‍ നീക്കംചെയ്യുന്നതിനിടയില്‍ സംഭവിച്ച പിഴവുമൂലമാണ് രോഗിക്ക് വൈകല്യമുണ്ടായത്. ഈ സംഭവത്തില്‍ നേരിട്ട് ഉത്തരവാദിയല്ലെന്ന് കണ്ടെത്തി ഡോക്ടറെ കോടതി വെറുതെ വിട്ടു. എന്നാല്‍ കുടുംബത്തിന് ആശുപത്രി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു.


