മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ നവജാത ശിശുസംരക്ഷണ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിൽ പത്ത് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. ഭണ്ഡാര ജില്ല ജനറൽ ആശുപത്രിയിലെ സിക്ക് ന്യൂബോൺ കെയർ യൂണിറ്റിൽ (SNCU) പുലർച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. പതിനേഴ് കുഞ്ഞുങ്ങളാണ് ഈ സമയം എൻസിയുവിൽ ഉണ്ടായിരുന്നത്. ഇതിൽ ഏഴു പേരെ രക്ഷപ്പെടുത്തി. ഒരു മാസത്തിനും മൂന്നു മാസത്തിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്.
രാത്രി രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടർമാർ പറയുന്നത്. നിയോനാറ്റൽ വിഭാഗത്തിൽ നിന്നും പുക ഉയരുന്നത് ഒരു നഴ്സിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവര്‍ നൽകിയ വിവരം അനുസരിച്ച് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്റ്റാഫുകള്‍ സ്ഥലത്തെത്തി. ഏഴ് കുഞ്ഞുങ്ങളെ അങ്ങനെയാണ് രക്ഷപ്പെടുത്തിയത് എന്നാണ് ഇവർ പറയുന്നത്. അഗ്നിശമന സേനയും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും പത്ത് കുഞ്ഞുങ്ങൾ അപ്പോഴേക്കും മരിച്ചിരുന്നു. ശ്വാസം മുട്ടിയാണ് ഇവരുടെ മരണമെന്നാണ് സൂചന.