കൊച്ചി: ബ്രഹ്മപുരത്തെ തീ ഇന്ന് അണയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി രാജീവ്. മാലിന്യ സംഭരണ രീതി കോർപ്പറേഷൻ പരിശോധിക്കേണ്ടതുണ്ട്. ജനപങ്കാളിത്തം ഉറപ്പാക്കണം. ഹരിത കർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഉറവിട മാലിന്യ സംസ്കരണം സജീവമാക്കും.
ഫ്ളാറ്റുകളിൽ മാലിന്യ സംസ്കരണ സംവിധാനം ഉണ്ടായിരിക്കണം. കരാർ കമ്പനിക്കെതിരെ അന്വേഷണം നടക്കുകയാണ്. എങ്ങനെയാണ് തീപിടിത്തമുണ്ടായത് എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ നിഗമനത്തിലെത്തിയിട്ടില്ല. തീ അണയ്ക്കുന്നതിനാണ് പ്രഥമ പരിഗണന.
മാലിന്യത്തിൻ്റെ ഉറവിടത്തിൽ നിന്ന് തന്നെ ഉത്തരവാദിത്തം വേണം. ഉറവിടത്തിൽ സംസ്കരിക്കാൻ കഴിയുന്നത് അവിടെ വച്ച് തന്നെ ചെയ്യണം. ആരും മാലിന്യം വലിച്ചെറിയരുത്. ഇതൊരു അവസരമായി കണ്ട് ഒരു തീരുമാനത്തിലെത്തണമെന്നും മന്ത്രി പറഞ്ഞു.