നാട്ടിലേക്ക് മടങ്ങുന്ന നിരാലംബരായ പ്രവാസികൾക്ക് ‘ഹോപ്പ് ബഹ്റൈൻ’ (പ്രതീക്ഷ) ഗൾഫ് കിറ്റുകൾ കൈമാറി. ഈ കോവിഡ് കാലത്ത് സമ്മാനങ്ങൾ അടങ്ങിയ പ്രതീക്ഷയുടെ കിറ്റ് ബുദ്ധിമുട്ടനുഭവയ്ക്കുന്ന ഇവർക്ക് ഒരു ചെറിയൊരാശ്വാസം നൽകുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം പ്രതീക്ഷയുടെ ഗൾഫ് കിറ്റുമായി യാത്രയായത് ആറ് പേരാണെന്നു ഹോപ് ബഹ്റൈൻ അറിയിച്ചു.
അഞ്ചു മാസത്തിലധികമായി ശമ്പളം ലഭിക്കാത്തതുമൂലം കുടുംബമായി കഴിയുവാൻ ഒരു നിർവഹവുമില്ലാതിരുന്ന ആലപ്പുഴ സ്വദേശി തന്റെ ഭാര്യയെ നാട്ടിലേക്ക് അയയ്ക്കുവാൻ ഹോപ്പിനോട് സഹായം അഭ്യർഥിച്ചിരുന്നു. ഒൻപതും, നാലും വയസ്സുള്ള ഇവരുടെ രണ്ടു കുട്ടികൾ നാട്ടിലാണ്. കൊറോണയുടെ തുടക്കത്തിൽ തന്നെ ഭാര്യയുടെ ജോലിയും നഷ്ടപ്പെട്ടിരുന്നതിനാൽ, ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയിരുന്ന ഇവരുടെ അവസ്ഥ മനസിലാക്കിയ ഹോപ്പ്, കഴിഞ്ഞമാസങ്ങളിലായി രണ്ടു തവണ ഭക്ഷണ കിറ്റുകൾ എത്തിച്ചു നൽകിയിരുന്നു.
ഇപ്പോൾ നാട്ടിലേയ്ക്ക് വെറും കൈയോടെ യാത്രയാവുമ്പോൾ മക്കൾക്ക് സമ്മാനങ്ങളടങ്ങിയ ഹോപ്പിന്റെ ഗൾഫ് കിറ്റും, യാത്രാചിലവിനു പോലും പണമില്ലാത്തതിരുന്നതിനാൽ യാത്രാചിലവിലേയ്ക്കായി RS 15,000/- യും നൽകി. കൂടാതെ ഹോപ്പിന്റെ ഇടപെടലിൽ യാത്രയ്ക്കാവശ്യമായ ടിക്കറ്റും അറേഞ്ച് ചെയ്ത് നൽകി.
ആറു മാസത്തോളമായി ശമ്പളം ലഭിക്കാതിരുന്ന ചെങ്ങന്നൂർ സ്വദേശിയെയും ഇതേ ഫ്ലൈറ്റിൽ ഹോപ്പിന്റെ ഇടപെടലിൽ ടിക്കറ്റ് അറേഞ്ച് ചെയ്ത് യാത്രയാക്കാൻ സാധിച്ചു. കൂടാതെ അദ്ദേഹത്തിനും, മക്കൾക്ക് സമ്മാനങ്ങൾ അടങ്ങിയ ഹോപ്പിന്റെ ഗൾഫ് കിറ്റും, യാത്രാചിലവിന് ചെറിയൊരു സാമ്പത്തിക സഹായവും നൽകി യാത്രയാക്കാൻ സാധിച്ചു.
ദീഘനാളായി ജോലിയില്ലാതിരുന്ന ശേഷമാണ് കോഴിക്കോട് സ്വദേശിയായ സഹോദരന് മൂന്നുമാസം മുമ്പ് ജോലി ലഭിച്ചത്. പക്ഷെ നിർഭാഗ്യമെന്ന് പറയട്ടെ ജോലി ചെയ്യുന്ന കമ്പനി കൃത്യമായ ശമ്പളം നൽകുന്നുമില്ല. ഇതിനിടയിലാണ് ആറ് സഹോദരിമാരിലൊരാളുടെ വിവാഹം വീട്ടുകാർ തീരുമാനിക്കുന്നത്. രോഗിയായ പിതാവുൾപ്പെടുന്ന കുടുംബത്തിന്റെ അവസ്ഥ തീർത്തും മോശവുമാണ്. കോവിഡ് കാലമായതിനാൽ അധികം ചിലവില്ലാതെ ഒരാളെ ഏൽപ്പിക്കാമല്ലോ എന്ന് കരുതിയാണ് വീട്ടുകാർ ഈ തീരുമാനമെടുത്തത്. ഏകസഹോദരന്റെ സാന്നിധ്യമെങ്കിലും പ്രതീക്ഷിച്ചപ്പോൾ യാത്രയ്ക്കൊ വിവാഹത്തിനോ ധരിക്കാൻ നല്ല വസ്ത്രം പോലുമില്ലെന്ന ദുഃഖം ഹോപ്പ് പ്രവർത്തകരോട് പങ്കുവയ്ക്കുകയായിരുന്നു. അവസ്ഥ മനസിലാക്കിയ ഹോപ്പ് അദ്ദേഹത്തിന്റെ സഹോദരിമാർക്ക് സമ്മാനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റും, യാത്രയ്ക്കും വിവാഹത്തിനും ധരിക്കാൻ വസ്ത്രങ്ങളും, യാത്രാചിലവിലേയ്ക്കായി ചെറിയൊരു സാമ്പത്തിക സഹായവും നൽകി യാത്രയാക്കി.
അസ്രിയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനി തൊഴിലാളിയായിരുന്ന കൊല്ലം സ്വദേശിയായ സഹോദരൻ, ഏഴുമാസമായി ശമ്പളം ലഭിക്കാത്തതുമൂലം വെറും കൈയോടെ യാത്രയാകുന്ന അവസ്ഥ അറിഞ്ഞപ്പോൾ, കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ അടങ്ങിയ ഹോപ്പിന്റെ ഗൾഫ് കിറ്റ് നൽകി അദ്ദേഹത്തെയും വെറും കൈയോടെയല്ലാതെ യാത്രയാക്കാൻ സാധിച്ചു.
വീട്ടിലെ ബുദ്ധിമുട്ട് കാരണം എട്ട് മാസം മുമ്പ് ഒരു കാർ വാഷ് സ്ഥാപനത്തിൽ ജോലിക്ക് വന്ന കൊല്ലം സ്വദേശിയായ സഹോദരന്, തുശ്ചമായ ആ ശമ്പളം പോലും കൃത്യമായി ലഭിക്കാതെയായതിനാൽ വലിയ ദുരിതത്തിലായിരുന്നു. സുമനസുകളുടെ സഹായം കൊണ്ടാണ് ഭക്ഷണം പോലും കഴിച്ചു പോന്നിരുന്നത്. ഇദ്ദേഹം വെറും കൈയോടെ നാട്ടിലേയ്ക്ക് പോകുന്ന അവസ്ഥ മനസിലാക്കി, കുടുംബാങ്ങൾക്ക് സമ്മാനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റ് നൽകി യാത്രയാക്കാൻ ഹോപ്പിന് സാധിച്ചു.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
വീട്ടിലെ ബുദ്ധിമുട്ടുകളിൽ അവർക്കൊരു കൈത്താങ്ങാകും എന്ന പ്രതീക്ഷയോടെയാണ് കോട്ടയം മുണ്ടക്കയം സ്വദേശിയായ ടീനേജുകാരൻ ഈ ഫെബ്രുവരി മാസത്തിൽ ബഹ്റൈനിലേയ്ക്ക് വന്നത്. പക്ഷെ ആ കമ്പനിയുടെ പുതിയൊരു സംരംഭം ആയിരുന്നതിനാൽ, പ്രതീക്ഷിച്ച ബിസിനസ് ഇല്ലെന്ന കാരണത്താൽ, തുടക്കം തന്നെ വാഗ്ദാനം ചെയ്ത ശമ്പളംനൽകിയില്ല. കൊറോണ കൂടി വന്നതോടെ ജോലിയോ ശമ്പളമോ ഇല്ലാതെയായി. നല്ല കുറച്ചു സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ് കഴിഞ്ഞ അഞ്ചു മാസമായി താമസവും ഭക്ഷണവും കഴിഞ്ഞു പോന്നിരുന്നത്. മറ്റൊരു ജോലിക്കായുള്ള അന്വേഷണം ഫലം കാണാതെയായപ്പോൾ ഇനിയും സുഹൃത്തുക്കളെ ബുദ്ധിമുട്ടിക്കാൻ മനസ്സനുവദിക്കാതെ വെറും കൈയോടെ നാട്ടിലേയ്ക്ക് മടങ്ങാൻ തീരുമാനിച്ചു. വിവരം അറിഞ്ഞ ഈ സഹോദരനെയും ഹോപ്പിന്റെ ഗൾഫ് കിറ്റ് നൽകി യാത്രയാക്കാൻ ഇന്ന് സാധിച്ചു.
കോവിഡ് കാലാരംഭം മുതൽ ഒറ്റപ്പെട്ട കുടുംബങ്ങൾക്കും സഹോദരങ്ങൾക്കും ഭക്ഷണ കിറ്റ് എത്തിക്കുന്ന പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുമ്പോഴും, നാട്ടിലേക്കുള്ള മടക്കയാത്രയിൽ ഒരാളും വെറും കൈയോടെ മടങ്ങരുതെന്ന് ഹോപ്പ് ആഗ്രഹിക്കുന്നു. അതിനുള്ള പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുന്നു.