മനാമ: കഴിഞ്ഞ 37 വർഷം ബഹ്റൈനിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിട്ടും, കയറിക്കിടക്കാൻ ഒരു വീടുപോലുമില്ലാതെ പ്രാരാബ്ധങ്ങളുടെ ലോകത്തേയ്ക്ക് മടങ്ങിയ, വർക്കല ഇടവ സ്വദേശിയായ സുരേഷ് ബാബുവിനാണ് ഹോപ്പ് സഹായം നൽകിയത്. വർഷങ്ങളായുള്ള ശമ്പളകുടിശ്ശികയും, ഭാര്യയുടെ കാൻസർ രോഗവുമാണ് ഇദ്ദേഹത്തെ ഈ വിധം ദുരിതത്തിലാക്കിയത്. വാടകവീട്ടിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ കുടുംബം, വാടക നൽകാൻ പോലും നിവർത്തിയില്ലാത്തതിനാൽ, ഇപ്പോൾ ഒരു ബന്ധുവീട്ടിലാണ് കഴിയുന്നത്.
ശുചീകരണ തൊഴിലായിയായ ഇദ്ദേഹത്തിന് ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടാണെന്ന് മനസിലാക്കി മുമ്പും ഹോപ്പ് ഫുഡ് കിറ്റും സാമ്പത്തിക സഹായവും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് മടങ്ങുന്ന ഇദ്ദേഹത്തിന്, ഗൾഫും കിറ്റും, ഹോപ്പിന്റെ അഭ്യുദയകാംഷികളിൽ നിന്നും സമാഹരിച്ച RS 36,554.00 (മുപ്പത്താറായിരത്തി അഞ്ഞൂറ്റി അൻപത്തിനാല് രൂപ) സഹായവും നൽകി. ഹോപ്പിന്റെ പ്രതിനിധികളായ മനോജ് സാംബനും, ബഷീറും ചേർന്ന് സഹായം കൈമാറി. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സഹകരിക്കുന്ന എല്ലാവർക്കും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.