ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ കെ വില്യംസിനെ ന്യൂയോർക്കിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ ആഢംബര വസതിയായ വില്യംസ്ബര്‍ഗ് അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. 54 വയസ്സായിരുന്നു.
അദ്ദേഹത്തിന്റെ മരുമകനാണ് നടനെ ബോധരഹിതനായ കണ്ടെത്തിയതിനെ തുടര്‍ന്ന് എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരമറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വില്ല്യംസിനെക്കുറിച്ച് വിവരമൊന്നും ഇല്ലാതിരുന്നതിനാല്‍ തിരക്കിയെത്തിയതായിരുന്നു മരുമകന്. മെഡിക്കല്‍ സംഘം എത്തി പരിശോധിച്ചശേഷമാണ് മരിച്ചതായി പ്രഖ്യാപിച്ചത്.
ദി വയർ, ബ്രോഡ്‍വാക്ക് എംപയർ, ബോഡി ബ്രോക്കേഴ്സ് അടക്കം നിരവധി സിനിമകളിലും സീരീസുകളിലും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. എമ്മി അവാര്‍ഡിനായി അഞ്ചു തവണ നാമനിര്‍ദേശം ചെയ്യപ്പെട്ട നടനാണ് മൈക്കല്‍ വില്യംസ്. 2002 മുതല്‍ 2008 വരെ തുടര്‍ച്ചയായി ഓടിയ ദ വയര്‍ സീരീസിലെ ഒമര്‍ ലിറ്റില്‍ എന്ന കഥാപാത്രമാണ് വില്യംസിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്.
ഫ്ളാറ്റില്‍ നിന്ന് ഹെറോയ്ന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആരും ബലപ്രയോഗത്തിലൂടെ അകത്തുകടന്നതിന്റെ ലക്ഷണമില്ലെന്ന് പൊലീസ് പറഞ്ഞു. ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും അമിത മയക്കുമരുന്ന് ഉപയോഗമാണ് മരണ കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
