
മനാമ: ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസിനുള്ള ഫൈനല്‍ യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു. 4,242 പേര് പങ്കെടുത്ത ഫൈനല്‍ റൗണ്ടിലേക്കുള്ള ആദ്യ മത്സരത്തില്‍ 75 പേര് വിജയിച്ചു. സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സുമായി സഹകരിച്ച് നീതിന്യായ, ഇസ്ലാമിക് കാര്യ, എന്‍ഡോവ്മെന്റ് മന്ത്രാലയമാണ് മത്സരം സംഘടിപ്പിക്കുന്നത്.
മനഃപാഠമാക്കല്‍, പാരായണം, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിക്കാര്‍, തടവുകാര്‍, അറബി സംസാരിക്കാത്തവര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക മത്സരങ്ങള്‍ എന്നിവയുള്‍പ്പെടെ ഏഴ് വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നതെന്ന് മന്ത്രാലയത്തിലെ ഹോളി ഖുര്‍ആന്‍ കാര്യ ഡയറക്ടര്‍ അബ്ദുല്ല അല്‍ ഒമാരി പറഞ്ഞു.
പ്രധാന മത്സരത്തിന് പുറമെ, ഏറ്റവും പ്രായം കൂടിയതും പ്രായം കുറഞ്ഞതുമായ പങ്കാളി, ‘മിസ്മര്‍ ദാവൂദ്’, മികച്ച ഖുര്‍ആന്‍ സെന്റര്‍, ‘ഖുര്‍ആനിന്റെ തണലില്‍ കുടുംബം’, മികച്ച പ്രാദേശിക ഖുര്‍ആന്‍ മത്സരം എന്നിവയുള്‍പ്പെടെ നിരവധി പ്രോത്സാഹന അവാര്‍ഡുകള്‍ സമ്മാനിക്കും.
ഖുര്‍ആന്‍ പാരായണത്തിലും മനഃപാഠമാക്കലിലും വൈദഗ്ദ്ധ്യം നേടിയ നാല് പരിചയസമ്പന്നരായ പുരുഷ-സ്ത്രീ വിദഗ്ധരാണ് ജഡ്ജിംഗ് പാനലിലുള്ളതെന്ന് അല്‍ ഒമാരി അറിയിച്ചു.
