മനാമ: ചൈനയിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ബഹ്റൈനില്‍ തിരിച്ചെത്തി. ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിങിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു സന്ദര്‍ശനം. സന്ദര്‍ശനവേളയില്‍ രാജാവ് ചൈനീസ് പ്രസിഡന്റുമായി ഔദ്യോഗിക ചര്‍ച്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങള്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച.
ചൈന- അറബ് സ്റ്റേറ്റ്സ് കോ ഓപ്പറേഷന് ഫോറം മന്ത്രിതല സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും രാജാവ് സംബന്ധിച്ചു. സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ രാജാവിനെ കിരീടാവകാശി സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ചൈനയില്‍നിന്നുള്ള മടക്കയാത്രയില്‍ ചൈനീസ് വിദേശകാര്യ സഹമന്ത്രി ഡെങ് ലീ, ചൈനയിലെ ബഹ്റൈന്‍ അംബാസഡര്‍ ഡോ. ഗസ്സാന്‍ ഷെയ്ഖോ എന്നിവര്‍ ചേര്‍ന്ന് യാത്രയയപ്പ് നല്കി.