മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൽ നിന്നും ചീഫ് കമാൻഡർ പദവിയുള്ള പ്രത്യേക ബഹുമതിയായ ലെജിയണ് ഓഫ് മെറിറ്റ് ലഭിച്ചു. ബഹ്റൈനും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള സൗഹൃദത്തിന്റെയും പങ്കാളിത്തത്തിന്റെയും ബന്ധം കൂടുതൽ ഏകീകരിക്കാനുള്ള ഹമദ് രാജാവിന്റെ ശ്രമങ്ങളെ മാനിച്ചാണ് ബഹുമതി.
അമേരിക്കയുമായി പ്രത്യേക ബന്ധവും സഹകരണവും പുലർത്താൻ ബഹ്റൈന് സാധ്യമായതിൽ ഹമദ് രാജാവിെൻറ പങ്ക് ശ്രദ്ധേയമാണെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ അഞ്ചാം കപ്പൽപടക്ക് നൽകിക്കൊണ്ടിരിക്കുന്ന പിന്തുണയും സഹായവും നയതന്ത്ര ബന്ധത്തിലെ വളർച്ചയും കരുത്ത് പകരുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക, വ്യാപാര, സുരക്ഷ മേഖലകളിൽ പരസ്പര സഹകരണം മെച്ചപ്പെടുത്താൻ സാധിച്ചതായും മേഖലയിൽ സമാധാനം ശക്തമാക്കുന്നതിന് ക്രിയാത്മക നടപടികൾ സ്വീകരിക്കാനും ഹമദ് രാജാവിന് സാധിച്ചതായി ട്രംപ് ചൂണ്ടിക്കാട്ടി. യു.എസുമായി സഹകരിക്കുന്ന രാഷ്ട്രങ്ങളിലെ നേതാക്കൾക്കാണ് പ്രസ്തുത പുരസ്കാരം നൽകാറുള്ളത്.