
മനാമ: ബഹ്റൈൻ്റെ ദേശീയ വികസനത്തിൽ രാജ്യത്തെ സ്ത്രീകളുടെ സംഭാവനകൾ അഭിമാനകരമാണെന്ന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ. ബഹ്റൈനി സ്ത്രീകളെയെല്ലാം അഭിവാദ്യം ചെയ്യുന്നതായും ബഹ്റൈൻ വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
വനിതാ ശാക്തീകരണത്തിന് നേതൃത്വം നൽകുന്ന രാജ്ഞി സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയ്ക്ക് ആത്മാർത്ഥമായ നന്ദിയും അഗാധമായ അഭിനന്ദനവും അറിയിക്കുന്നു. ശ്രദ്ധേയമായ നേട്ടങ്ങളുടെ യാത്രയിലുടനീളം അവർ ബഹ്റൈൻ സ്ത്രീകളുടെ പരിഷ്കൃതവും മാന്യവുമായ പ്രതിച്ഛായ ഉൾക്കൊള്ളുന്നു. ദേശീയ ഉത്തരവാദിത്തങ്ങൾ അർപ്പണബോധത്തോടെയും മികവോടെയും നിറവേറ്റുന്നു. ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും, പ്രത്യേകിച്ച് മാതൃത്വത്തിൻ്റെ സംരക്ഷകരെന്ന നിലയിലും ഭാവി തലമുറയുടെ അദ്ധ്യാപകരെന്ന നിലയിലും സ്ത്രീകൾ നൽകുന്ന സംഭാവനകളിൽ അഭിമാനിക്കുന്നു.


എല്ലാ സമൂഹത്തിൻ്റെ സുസ്ഥിരതയ്ക്കും വളർച്ചയ്ക്കും വേണ്ടിയുള്ള പ്രതിരോധത്തിൻ്റെ ആദ്യ നിരയായി ഞങ്ങൾ കരുതുന്ന ബഹ്റൈൻ കുടുംബത്തിൻ്റെ യോജിപ്പിനെ ഈ പങ്ക് ആഴത്തിൽ സ്വാധീനിക്കുന്നു.
1920കൾ മുതൽ രാജ്യത്തിന്റെ പുനർനിർമ്മാണത്തിലും നവീകരണ പ്രവർത്തനങ്ങളിലും സ്ത്രീകൾ പുരുഷന്മാരോടൊപ്പം പ്രവർത്തിച്ചു. ഇപ്പോൾ അവർ ദേശീയ സംഭാവനകളുടെ ഉന്നതി കൈവരിക്കുകയും കൂടുതൽ നേട്ടങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നതായും രാജാവ് പറഞ്ഞു. സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്.സി.ഡബ്ല്യു) ഡിസംബർ ഒന്നിന് ബഹ്റൈൻ നാഷണൽ തിയേറ്ററിൽ സംഘടിപ്പിച്ച ബഹ്റൈൻ വനിതാ ദിനാഘോഷത്തിൽ പങ്കെടുക്കാൻ രാജാവ് തന്റെ പേഴ്സണൽ റെപ്രസൻ്റേറ്റീവ് ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫയെ നിയോഗിച്ചു.

രാജാവിൻ്റെ ഭാര്യയും സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്.സി.ഡബ്ല്യു) പ്രസിഡൻ്റുമായ സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയെ പ്രതിനിധീകരിച്ച് എസ്.സി.ഡബ്ല്യു അംഗം ശൈഖ ഹെസ്സ ബിൻത് ഖലീഫ അൽ ഖലീഫ ചടങ്ങിൽ സംസാരിച്ചു.
