കൊല്ലം: പാരിപ്പള്ളിയിൽ ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു. കൊലപാതത്തിനുശേഷം ഭർത്താവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. നാവായിക്കുളം സ്വദേശിനി നാദിറയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് റഹിം കഴുത്ത് സ്വയം മുറിച്ച ശേഷം കിണറ്റിൽ ചാടുകയായിരുന്നു. അക്ഷയ സെന്ററിൽ കയറിയാണ് കൊലപാതകം നടത്തിയത്. കർണ്ണാടക കുടക് സ്വദേശിനിയാണ് കൊല്ലപ്പെട്ട നാദിറ. 40 വയസായിരുന്നു. ഭർത്താവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയാണ് നാദിറ. ഓട്ടോ ഡ്രൈവറായ റഹീം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മൂന്ന് ദിവസം മുമ്പാണ് ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് റഹീമിന് സംശയമുണ്ടായിരുന്നു. അക്ഷയ കേന്ദ്രത്തിൽ ജോലിക്കെത്തിയപ്പോഴാണ് അതിനുള്ളിൽ വച്ച് നാദിറയെ റഹീം തീകൊളുത്തിയത്. തുടർന്ന് സ്വയം കഴുത്തറുത്ത റഹീം അടുത്തുള്ള കിണറ്റിലേയ്ക്ക് ചാടി. ഫയർഫോഴ്സ് എത്തിയാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.