ബംഗലൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റ് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് വ്യവസായിയില്‍ നിന്നും നാലു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ഹിന്ദു വനിതാ നേതാവ് അറസ്റ്റില്‍. ഹിന്ദു നേതാവ് ചൈത്ര കുന്ദാപുരയാണ് അറസ്റ്റിലായത്. വ്യവസായിയായ ഗോവിന്ദ ബാബു പൂജാരിയാണ് കബളിക്കപ്പെട്ടത്. ആര്‍എസ്എസ് നേതാക്കളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും, ദക്ഷിണ കന്നഡ ജില്ലയിലെ ബൈന്ദൂര് നിയമസഭ സീറ്റ് വാങ്ങിത്തരാമെന്നുമാണ് ചൈത്ര വ്യവസായിയെ അറിയിച്ചത്.
തുടര്‍ന്ന് ഗോവിന്ദ ബാബുവിനെ ബംഗലൂരുവില്‍ വിളിച്ചു വരുത്തി. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന് പരിചയപ്പെടുത്തി, ചിലരുമായി കൂടിക്കാഴ്ചയും സംഘടിപ്പിച്ചു. തുടര്‍ന്ന് ടിക്കറ്റിനായി വ്യവസായിയില്‍ നിന്നും നാലുകോടി രൂപ വാങ്ങിയെടുത്തു.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതോടെ ഗോവിന്ദ ബാബു പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാതിരുന്നതോടെ, ഗോവിന്ദ ബാബു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിറ്റി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചൈത്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
പ്രമുഖ ഹിന്ദു വനിതാ നേതാവായ ചൈത്ര കുന്ദപുര, മുമ്പ് വിദ്വേഷ പ്രസംഗത്തിലൂടെ വിവാദത്തിലായ വ്യക്തിയാണ്. വിദ്വേഷപ്രസംഗത്തില്‍ ചൈത്രയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ബില്ലവ സമുദായക്കാരനായ ഗോവിന്ദ ബാബു, കോസ്റ്റല്‍ കര്‍ണാടക മേഖലയില്‍ സാമൂഹിക പ്രവര്‍ത്തനത്തിലും സജീവമായിരുന്നു.