
ലഖ്നൗ: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസൂര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തതിന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെതിരെ ഹിന്ദു മഹാസഭ നേതാവ്. കൊല്‍ക്കത്ത ടീം ഉടമകളില്‍ ഒരാളായ ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ മുന്‍ ആഗ്ര ജില്ലാ പ്രസിഡന്റ് മീര താക്കൂര്‍ പറഞ്ഞു.
ബംഗ്ലാദേശ് താരത്തെ ടീമിലെത്തിച്ചതിന് പിന്നാലെ ഷാരൂഖ് ഖാനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. മുസ്തഫിസൂര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയതിനെത്തുടര്‍ന്ന് ഷാരൂഖ് ഖാനെ ‘രാജദ്രോഹി’ എന്ന് വിളിച്ച ബിജെപി നേതാവ് സംഗീത് സോമിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഹിന്ദു മഹാസഭാ നേതാവിന്റെ പ്രതികരണം. ആഗ്രയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഷാരൂഖിന്റെ നാവ് മുറിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മീര താക്കൂര്‍ പറഞ്ഞത്.
‘നമ്മുടെ ഹിന്ദു സഹോദരന്മാര് ബംഗ്ലാദേശില്‍ ജീവനോടെ കത്തിക്കപ്പെടുന്നു, എന്നിട്ടും അദ്ദേഹം അവിടുന്ന് കളിക്കാരെ വാങ്ങുന്നു… ഞങ്ങള്‍ ഇത് അനുവദിക്കില്ല.’ ഷാരൂഖ് ഖാന്റെ പോസ്റ്ററുകള്‍ കരിഓയില്‍ പൂശുകയും ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തുകൊണ്ട് പ്രതിഷേധക്കാര്‍ പറഞ്ഞു.


