ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ ശ്രമമാണ് നടക്കുന്നതെന്നും സംസ്ഥാനങ്ങളുടെ ന്യായമായ ഭയവും അസംതൃപ്തിയും കേന്ദ്രം പരിഗണിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.
ജനങ്ങൾക്കിടയിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നത് അപ്രായോഗികവും വിഭജനപരവുമായ ശ്രമമാണ്. നിങ്ങൾ ഇതിൽ നിന്നും പിൻമാറണം. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷകളാക്കണമെന്നും കത്തിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഉദയനിധി സ്റ്റാലിനും രംഗത്തെത്തി. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെ ഡി.എം.കെ എല്ലായ്പ്പോഴും എതിർത്തിട്ടുണ്ടെന്നും ഇത് പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണെന്നും അദ്ദേഹം വിശദീകരിച്ചു. ഈ നീക്കം തമിഴ്നാട് ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.