
മനാമ: ബഹ്റൈനില്‍ തൊഴിലില്ലായ്മാ വേതനത്തില്‍ 100 ദിനാര്‍ വര്‍ധന വരുത്താനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി. ദേശീയ ഇന്‍ഷുറന്‍സ് ഫണ്ടിന് അധിക ബാധ്യത വരുമെന്ന സര്‍ക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് പാര്‍ലമെന്റ് ഇതിന് അംഗീകാരം നല്‍കിയത്.
ഇതനുസരിച്ച് യൂണിവേഴ്സിറ്റി ബിരുദമുള്ള തൊഴില്‍രഹിതര്‍ക്ക് നല്കുന്ന പ്രതിമാസ വേതനം 200 ദിനാറില്‍നിന്ന് 300 ആയും ബിരുദമില്ലാത്തവരുടേത് 150ല്‍നിന്ന് 250 ആയും വര്‍ധിക്കും. വിലക്കയറ്റവും വാറ്റ് പ്രാബല്യത്തില്‍ വന്നതും കാരണം ജീവിതച്ചെലവിലുണ്ടായ വര്‍ധന നേരിടാന്‍ വേതന വര്‍ധന ആവശ്യമാണെന്ന് നിര്‍ദേശത്തെ പിന്തുണച്ച എം.പിമാരും സേവന സമിതിയും വാദിച്ചു. വിവാഹം കഴിക്കാനോ വീടു പണിയാനോ തയാറെടുക്കുന്ന ചെറുപ്പക്കാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ ഇതാവശ്യമാണെന്നും അവര്‍ വാദിച്ചു.
തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് സംബന്ധിച്ച 2006ലെ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 18 ഭേദഗതി ചെയ്തായിരിക്കും വര്‍ധന പ്രാബല്യത്തില്‍ വരിക.
